ആരോക്കെയോ സ്പോൺസർ ചെയ്ത സർക്കാരാണ് കേരളത്തിലുള്ളത്; ജനങ്ങളുടെ സർക്കാരല്ലന്ന് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി രാജീവ്. ചെലവ് വഹിക്കുന്നത് സ്‌പോണ്‍സര്‍ ആണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിലാണ് പി രാജീവ് പ്രതികരിച്ചത്. സർക്കാർ എങ്ങനെയാണ് ഒരു സ്‌പോണ്‍സറെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക കാരണങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണമാണ് ഉപയോഗിക്കേണ്ടത്. അവിടെ സ്‌പോണ്‍സര്‍ വരുമ്പോള്‍ സർക്കാർ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. സ്വാധീനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങളുടെ ചിലവ് സര്‍ക്കാരില്‍ നിന്ന് കണ്ടെത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
വി ഡി സതീശന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ സ്‌പോണ്‍സറെ കാണാന്‍ പോയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പോണ്‍സര്‍ കുറ്റാരോപിതരാണോ എന്നതിലും വ്യക്തതയില്ല. ആഭ്യന്തര മന്ത്രിയുടെ വിദേശ യാത്രയും മന്ത്രിക്ക് വാഹനം കിട്ടിയതും സ്‌പോണ്‍സര്‍ വഴി ആണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. ആരോക്കെയോ സ്‌പോണ്‍സര്‍ ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരല്ല. ഏതോ ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്ത സര്‍ക്കാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാരും മന്ത്രിമാരും നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിൽ അല്ലെന്നും ചാർട്ടേഡ് ഫ്ലൈറ്റിൻ്റെ ചെലവ് വഹിക്കുന്നത് സ്പോൺസർ ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോൺസർ ആരെന്ന് കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നേരത്തെയും വിവാദമായിരുന്നു. സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നാണ് ഇതിൽ സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. കരിപ്പൂരിലേക്കുള്ള യാത്രാ വിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് സിഎം ഓഫീസ് നൽകുന്ന വിശദീകരണം.
ബെംഗളൂരുവിൽ നിന്നെത്തിച്ച ചാർട്ടേഡ് വിമാനത്തിലായിരുന്നു മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെയ്ക്ക് പോയത്. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചത്. വി റ്റി-എവിഎസ് എന്ന കമ്പനിയുടേതാണ് തിരുവനന്തപുരത്തെത്തിയ ചാർട്ടേഡ് വിമാനം. കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞിരുന്നു. അത് സർക്കാർ പുതുക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.



