ജനപക്ഷം വിട്ട് മന്ത്രിമാർ വിദേശത്തേക്ക്; കാലാവർഷക്കെടുതിയിലും ഇഎസ്എ ആശങ്കയിലും സർക്കാരിനെതിരെ കടുപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: കാലാവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള പ്രാഥമിക നടപടികളോ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പോ പൂർത്തിയാക്കാൻ വൈകുകയാണ്. റോഡുകളെല്ലാം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. ജനങ്ങൾ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങളിൽ ഉടനടി പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
ഇ എസ് എയിൽ ആശങ്ക
പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇ എസ് എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്നും ബിഷപ്പ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സർക്കാരുകൾ പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകാനാകില്ലെന്നും സമരം ചെയ്യാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഇ എസ് എ വിഷയത്തിൽ ശക്തമായ സമരത്തിലേക്ക് ഇറങ്ങാൻ ജനങ്ങൾ നിർബന്ധിതരാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ മുൻകൈയെടുത്ത് കേന്ദ്ര സർക്കാരിന് മുന്നിൽ കൃത്യമായ പഠന റിപ്പോർട്ടുകൾ സമർപ്പിച്ച് സത്യം ബോധ്യപ്പെടുത്താൻ തയ്യാറാകണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ വിദേശയാത്ര
മന്ത്രിമാരുടെ വിദേശയാത്രകളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, മുൻപുള്ള എല്ലാ മന്ത്രിസഭയിലെ മന്ത്രിമാരും വിദേശയാത്രകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിദേശയാത്ര നടത്തുന്നു എന്നതിലല്ല, ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ തിരിച്ചറിയുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നം. എല്ലാ കാര്യങ്ങളും പൊതുസമൂഹം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഭരണത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്താനും ബന്ധപ്പെട്ടവർ അത് തിരുത്തിക്കാനും തയ്യാറാകണമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.



