പാർവതി മായ ഷാജിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയുടെ നിക്ഷേപങ്ങളിൽ വലിയൊരു പങ്കും വിദേശത്താണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വിദേശ അക്കൗണ്ടുകൾ മുഖേനയാണ് ഇവർ വിസയ്ക്കും ജോലിക്കുമായി ഉദ്യോഗാർഥികളിൽ നിന്നും പണം വാങ്ങിയതെന്നും കൊച്ചിയിലെ ഓഫിസ് അടക്കം വിവിധ ബ്രാഞ്ചുകൾക്ക് മതിയായ ലൈസൻസുകളുണ്ടായിരുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തട്ടിപ്പിനിരയായവർ പരാതി നൽകിയതോടെ പണം തിരിച്ചുനൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും വിവരമുണ്ട്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് പാർവതി മായ ഷാജിക്കെതിരേ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പാർവതിയുടെ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഇവർ വിദേശത്താണെന്നും നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന. അർമീനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ജോലിക്കു വേണ്ടി വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്നാണ് കേസ്. ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്.



