Kerala

വൈദ്യുതി നിരക്ക് ഉയർന്നേക്കും; ജനങ്ങൾക്ക് അധിക ബാധ്യത: സൂചന നൽകി കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് സൂചന നൽകി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം. തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷൻ ആണെന്ന് രാജമാണിക്യം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി ഒക്ടോബർ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുമാസം കൊണ്ട് 1500 കോടിയിലധികം രൂപയുടെ വൈദ്യുതി വാങ്ങി. കണക്ക് റെഗുലേറ്ററി കമ്മീഷനിൽ അവതരിപ്പിക്കും. ഇന്ന് ബോർഡ് യോഗം ചേരും. റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് കൂട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കും – അദ്ദേഹം പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി ഡിമാന്റ് ഇപ്പോഴും കൂടുതലാണെന്ന് രാജമാണിക്യം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കേ ഇന്ത്യയിലടക്കം മഴ ഉണ്ടായിരുന്നതുകൊണ്ട് റിയൽടൈം മാർക്കറ്റിൽ വൈദ്യുതി ലഭ്യമായിരുന്നു. റിയൽ ടീം മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചത് അനുകൂലമായി. ഒക്ടോബർ മാസം ടെൻഡർ വിളിച്ചതും കൈമാറ്റ കരാർ അവസാനിച്ചതും വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കി. 500 മെഗാവാട്ട് കുറവ് ഉണ്ടായാലും റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ കഴിയും. പീക്ക് സമയത്ത് ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാൽ പുറത്തുനിന്ന് വാങ്ങേണ്ടി വരില്ല. കേരളം രണ്ടായിരത്തിൽ എത്രമാത്രം വൈദ്യുതി ആണോ ഉത്പാദിപ്പിച്ച് ഉപയോഗിച്ചത് 2026ലും ഉൽപാദനം അത്രതന്നെ തുടരുന്നു – അദ്ദേഹം പറഞ്ഞു.

അതേസമയം, വൈദ്യുതി ലഭ്യത ഉറപ്പായതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കെഎസ്ഇബി. കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കിയത് പോലെ ഇന്നും നിയന്ത്രണം വേണ്ടി വരില്ലെന്നാണ് കണക്ക് കൂട്ടല്‍. ഇതിനിടെ, ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിന്റെ അധിക ചിലവ് കണക്കിലെടുത്ത് ഒക്ടോബര്‍ മാസവും സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.

See also  കോഴിക്കോട് മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Related Articles

Back to top button