*ആർ. റോഷിപാലിനും ജിജോ ജോർജിനും മാധ്യമ പുരസ്കാരം; പി.എ.ജെ.-ആർ രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാകും

കോഴിക്കോട്: മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രസ്സ്ലൈവ്–ഏഷ്യൻഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പി.എ.ജെ.-ആർ) സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പ് കോഴിക്കോട് നടക്കും. വിവിധ മാധ്യമ മേഖലകളിൽ നിന്നുള്ള അഞ്ച് മാധ്യമപ്രവർത്തകർക്കാണ് ഇത്തവണ പുരസ്കാരം.
റിപ്പോർട്ടർ ടി.വി. പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ. റോഷിപാൽ, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിജോ ജോർജ്, മെട്രോ ജേണൽ ഓൺലൈൻ ചീഫ് എഡിറ്റർ സലാഹുദ്ദീൻ വി.പി., അഹല്യ എഫ്.എം. 90.4 റേഡിയോ ജോക്കി സുനിൽ സുബ്രഹ്മണ്യൻ, വയനാട് വിഷൻ പ്രാദേശിക ടെലിവിഷൻ സ്പോർട്സ് ജേണലിസ്റ്റ് സന്ദീപ് സത്യ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയമായ വാർത്താ റിപ്പോർട്ടിങ്ങും മാധ്യമ ഇടപെടലുകളും പരിഗണിച്ചാണ് ആർ. റോഷിപാലിന് പുരസ്കാരം. കായിക റിപ്പോർട്ടിങ്ങിലെ മികവും ശ്രദ്ധേയമായ മാധ്യമ സംഭാവനകളും പരിഗണിച്ചാണ് ജിജോ ജോർജിന് പുരസ്കാരം.
മാധ്യമപ്രവർത്തനത്തിലെ മികവ്, പ്രൊഫഷണൽ സംഭാവനകൾ, വിവിധ മാധ്യമ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് മറ്റ് പുരസ്കാര ജേതാക്കളെയും തെരഞ്ഞെടുത്തത്.
ഏഷ്യൻഗ്രാഫ് ഡെയിലിയുടെ നേതൃത്വത്തിൽ 50 ഇൻസ്റ്റഗ്രാം പ്രാദേശിക സ്റ്റോറീസ് പേജുകൾക്ക് ആദരം!
പുരസ്കാര ചടങ്ങിന്റെ ഭാഗമായി ഏഷ്യൻഗ്രാഫ് ഡെയിലിയുടെ നേതൃത്വത്തിൽ ഏഴ് ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത 50 പ്രമുഖ ഇൻസ്റ്റഗ്രാം പ്രാദേശിക സ്റ്റോറീസ് പേജുകളെയും പ്രത്യേകമായി ആദരിക്കും.
പ്രാദേശിക വാർത്തകൾ, നാട്ടുവിശേഷങ്ങൾ, സാമൂഹിക വിഷയങ്ങൾ, പ്രദേശിക സംഭവവികാസങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്ന പേജുകളുടെ പ്രവർത്തന മികവും ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും പരിഗണിച്ചാണ് ആദരവിനായി പേജുകളെ തെരഞ്ഞെടുത്തത്.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള പ്രമുഖ ഇൻസ്റ്റഗ്രാം പ്രാദേശിക സ്റ്റോറീസ് പേജുകളാണ് ആദരിക്കപ്പെടുന്നത്.
പ്രാദേശിക വിവരങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന പുതിയ മാധ്യമപ്രവർത്തന രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക ആദരം. സമൂഹമാധ്യമങ്ങളിലൂടെ പ്രാദേശിക വിഷയങ്ങൾ അവതരിപ്പിക്കുന്ന യുവ മാധ്യമപ്രവർത്തകരുടെയും വാർത്താ പേജ് പ്രവർത്തകരുടെയും സംഭാവനകൾക്ക് അംഗീകാരം നൽകുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
ഏഷ്യൻഗ്രാഫ് ഡെയിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും കേരള പത്രപ്രവർത്തന സമ്മേളനവും!
ചടങ്ങിനോടനുബന്ധിച്ച് ഏഷ്യൻഗ്രാഫ് ഡെയിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. മാധ്യമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
മാധ്യമപ്രവർത്തകരെയും പ്രാദേശിക വാർത്താ പേജുകളെയും ആദരിക്കുന്നതിനൊപ്പം മാധ്യമരംഗത്തെ പുതിയ പ്രവണതകൾ, ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച, മാറിവരുന്ന മാധ്യമപ്രവർത്തന രീതികൾ, സമൂഹമാധ്യമങ്ങളുടെ സ്വാധീനം, ഇൻസ്റ്റഗ്രാം അധിഷ്ഠിത പ്രാദേശിക വാർത്താ പ്രവർത്തനം, പ്രാദേശിക മാധ്യമങ്ങളുടെ ഭാവി, മാധ്യമപ്രവർത്തനത്തിലെ പുതിയ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരള പത്രപ്രവർത്തന സമ്മേളനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
പുരസ്കാര ചടങ്ങിന്റെയും കേരള പത്രപ്രവർത്തന സമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.



