Kerala

ബി.ജെ.പി വിട്ടതിന് പിന്നാലെ കെ. കരുണാകരന്റെ പ്രതിമയിൽ മാല ചാർത്തുന്ന ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി പത്മജ വേണുഗോപാൽ

ബി.ജെ.പിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ, പിതാവ് കെ. ​കരുണാകരന്റെ പ്രതിമയിൽ മാല ചാര്‍ത്തുന്ന ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറായി പങ്കുവച്ച് പത്മജ വേണുഗോപാൽ.

ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയും അതിന്റെ കത്ത് പ്രസിഡന്റിന് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അവർ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ ചർച്ചകൾക്കും കുറ്റപ്പെടുത്തലുകൾക്കും അപ്പുറം, ഇനിയുള്ള കാലം ഏവരോടും സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

“എന്നെ വിമർശിക്കുന്നവരോടും, വെറുക്കുന്നവരോടും, ഇഷ്ടപ്പെടുന്നവരോടും ഒരുപോലെ സ്നേഹം മാത്രമായിരിക്കും. ഇതൊരു തികച്ചും വ്യക്തിപരമായ തീരുമാനമായതുകൊണ്ട് ഇതിന് മറ്റ് വലിയ അർഥങ്ങൾ കാണരുതെന്ന് അഭ്യർഥിക്കുന്നു, വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഞാനില്ല’ -പത്മജ വിശദീകരിച്ചിരുന്നു.

കെ. കരുണാകരന്റെ മകളും മുതിർന്ന കോൺഗ്രസ് നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ, 2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ രാഷ്ട്രീയ മാറ്റം.

എന്നാൽ, രണ്ടര വർഷത്തോളം നീണ്ട ബി.ജെ.പി ബന്ധത്തിന് വിരാമമിട്ട് കഴിഞ്ഞ ദിവസം അവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയിൽ അംഗമായിരുന്ന കാലത്ത് പിതാവ് കെ. കരുണാകരന്റെ സ്മരണാർഥമുള്ള ചില പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പാർട്ടി വിട്ടതിന്റെ കാരണങ്ങളിലൊന്നായി ഈ സാഹചര്യം മാറിയെന്നും പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലാത്ത സാഹചര്യത്തിലും പിതാവിന്റെ സ്മരണകൾ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നായിരുന്നു അവരുടെ പ്രതികരണം.

ബി.ജെ.പി വിട്ടതോടെ പത്മജ കോൺഗ്രസിലേക്ക് മടങ്ങുമോ എന്ന ചർച്ചകളും സജീവമാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാൽ, കോൺഗ്രസിനുള്ളിൽ തന്നെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

തിരിച്ചെത്തുന്നവർക്ക് ഉടൻ പ്രധാന സ്ഥാനങ്ങൾ നൽകാതെ താഴെത്തട്ടിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രസ്താവിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  എസ്‌ഡിപിഐ ഡീൽ കോൺഗ്രസിന്‍റെ നുണ; എൽഡിഎഫിന്‍റേത് വർഗീയ വിരുദ്ധ നിലപാട്; മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button