Kerala

വീട്ടമ്മയെ കൊന്ന് സ്വർണം കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ

ഇരിങ്ങാലക്കുട: കാറളത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതി പിടിയിൽ. കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്‍റെ ഭാര്യ സാവിത്രി (79) ആണ് ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായിട്ടുള്ളത്. സാമ്പത്തിക ബാധ്യതകളുള്ള ഇയാൾ കൊല്ലപ്പെട്ട സാവിത്രിയോട് സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ ചോദിച്ചിരുന്നു. ഇതു കിട്ടാതെ വന്നപ്പോഴാണ് സാവിത്രിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

വീട്ടിലേക്ക് കയറിയ പ്രതി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ അവരുടെ സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്തിൽ വലിച്ച് മുറുക്കി ബെഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പ് വരുത്തുന്നതിനായി തലയിണ മുഖത്ത് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് മാലയും വളകളും ഊരിയെടുക്കുകയും അടുക്കളയിൽ ഉണ്ടായിരുന്ന മുളക് പൊടി എടുത്ത് സംഭവ സ്ഥലത്ത് വിതറിയതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയാണ് ചെയ്തത്.

പൊലീസ് കേസെടുത്ത ശേഷം അന്വേഷണത്തിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിരുന്നു. ഇവർ മൂന്ന് ഗ്രൂപ്പുകളാക്കി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. നാടോടി സ്ത്രീകളെയും കുപ്രസിദ്ധ കവർച്ചാ സംഘങ്ങളെയും അയൽവാസികളെയും നാട്ടുകാരെയുമൊക്കെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

See also  സംസ്ഥാനത്ത് 3 ദിവസം ശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

Related Articles

Back to top button