Kerala

ആരോഗ്യമന്ത്രിയുടെ വാദം തെറ്റി; ടെൻഡർ നടപടികൾ പൂർത്തിയാക്കിയത് ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് വാങ്ങാൻ തീരുമാനമെടുത്തത് മുൻ സർക്കാരെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം പൊളിയുന്നു. പുതിയ മരുന്ന് വാങ്ങാനുള്ള തീരുമാനമെടുത്തത് ഈ സർക്കാരിൻറെ കാലത്തെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഈ മാസമെന്നും രേഖകളിൽ വ്യക്തം. പരാതികൾ പരിശോധിക്കുന്നതിൽ സർക്കാരിന് മടിയില്ലെന്നും വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് മരുന്നു നൽകുന്നതെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

സ്പൈനൽ മസ്ക്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് വിദേശനിർമ്മിത മരുന്ന് ആയിരുന്നു നൽകിയിരുന്നത്. ഇതിന് 5 ലക്ഷത്തോളം രൂപ വില വരും. ഇന്ത്യൻ നിർമ്മിത മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ നിർമ്മിത മരുന്ന് വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശനിർമ്മിത മരുന്നിന് പകരം ഇന്ത്യയിൽ നിന്നുള്ള മരുന്ന് രോഗബാധിതർക്ക് നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇതെല്ലാം വിദഗ്ധസമിതിയുടെ തീരുമാനമാണെന്നും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയ നിർദ്ദേശം ആണെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞത്.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങാനാണ് ലക്ഷ്യമെങ്കിൽ അത് അപകടകരമാണെന്നും പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളിൽ മരുന്നു പരീക്ഷണം നടത്താൻ പാടില്ലാത്തതാണെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

പുതിയ മരുന്ന് പ്രിസ്ക്രൈബ് ചെയ്തത് മാതാപിതാക്കൾക്ക് ഭയം ഉണ്ടാക്കി. 12 വയസ് വരെയുള്ള കുട്ടികളിൽ മരുന്നു പരീക്ഷണം നടത്താൻ പാടില്ലാത്തതാണ്. ഇത് കുഞ്ഞ് മക്കളുടെ ജീവൻറെ പ്രശ്നമാണ്. ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെട്ട് പരിശോധിക്കണം. ആരോഗ്യവകുപ്പിൽ നിന്ന് വരുന്ന ഫയലുകൾ നന്നായി പരിശോധിക്കണം. മരുന്നിന്റെ മാറ്റം വരുമ്പോൾ നല്ല രീതിയിൽ പരിശോധിക്കേണ്ടതാണ്. പൈസ കുറച്ചു തരുന്നു എന്ന് പറഞ്ഞാൽ ഉടൻ എല്ലാം വാങ്ങാൻ കഴിയില്ല. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങാനാണ് ലക്ഷ്യമെങ്കിൽ അത് അപകടകരമാണ്. വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും ക്ലിനിക്കൽ ടെസ്റ്റ് നടത്തിയ മരുന്നുകൾ മാത്രമേ എടുക്കാൻ കഴിയൂവെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

See also  എന്റെ സഹോദരാ എനിക്ക് പരിഭവമില്ല; സൈബർ അധിക്ഷേപം നടത്തിയ അസ്ലം മുഹമ്മദിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് ലിന്റോ ജോസഫ്

Related Articles

Back to top button