നിർദേശവുമായി നിയുക്ത ഗവർണർ ഓം പ്രകാശ് മാഥുർ

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. നിയുക്ത ഗവർണർ ഓം പ്രകാശ് മാഥുറാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദേശമുണ്ട്. വെള്ളിയാഴ്ച ഗവർണറായി ചുമതലയേൽക്കുന്നതിനു മുന്നോടിയായി നൽകിയ പ്രത്യേക മാർഗനിർദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻ ഗവർണറായ രാജേന്ദ്ര ആർലേക്കറിന് പകരക്കാരനായാണ് ഓം പ്രകാശ് മാഥുർ എത്തുന്നത്. ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പടെ ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും നോൺ വെജ് ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ നിന്നാണ് പുതിയ ഗവർണറുടെ വരവോടെ പൂർണമായും വെജിറ്റേറിയൻ രീതിയിലേക്ക് മാറുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നും 12.30-നും ഇടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ, രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.



