Kerala

ഷാർജയിൽ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജർ; പോയില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടും: ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയിൽ

കൊച്ചി: താൻ ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജറാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാട്ടി മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയിൽ. മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ ഇളവ് തേടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. യുഎഇയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി നൽകുക, അല്ലെങ്കിൽ, ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെയുള്ള സമയത്ത് യുഎഇയിലേക്ക് പോകാൻ അനുമതി നൽകുക എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് സ്പെഷൽ കോടതി തച്ചങ്കരിയെ 4 വർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യത്തിനു പുറത്തുപോകരുതെന്ന ജാമ്യ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. താൻ ഷാർജയില്‍ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്തുവരികയാണെന്നും ഒപ്പം ദുബായിലെ ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും ഹർജിയിൽ പറയുന്നു. ജോലിയിൽ ഉടൻ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ഇത് തന്റെ ഉപജീവനമാർഗത്തെ സാരമായി ബാധിക്കുമെന്നും തച്ചങ്കരി പറയുന്നു.

വിചാരണാ വേളയിൽ വിദേശത്തായിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ട എല്ലാ ദിവസങ്ങളിലും താൻ മുടങ്ങാതെ ഹാജരായിട്ടുണ്ടെന്നും കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകളെല്ലാം പാലിച്ചിട്ടുണ്ടെന്നും ഹർജിയിലുണ്ട്. വിദേശയാത്രാ അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. താൻ ഒളിവിൽ പോകാൻ സാധ്യതയുള്ള ആളല്ലെന്നും ഹർജിയിൽ പറയുന്നു. ഒക്ടോബർ 26 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലും തുടർന്ന് 2027 ജനുവരി 2 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലുമായി യുഎഇയിൽ തുടരുന്നതിനുള്ള താൽക്കാലിക യാത്രാവിവരങ്ങളും താമസസ്ഥലത്തിന്റെ വിലാസവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തച്ചങ്കരിയുടെ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

See also  വാഹന പരിശോധനക്കിടെ എഎസ്‌ഐയെ ഇടിച്ചു തെറിപ്പിച്ച സംഭവം; അന്വേഷണം കാറിലുണ്ടായിരുന്ന യുവതിയിലേക്കും

Related Articles

Back to top button