വിവാദ വിമാനയാത്ര; വി ഡി സതീശന്റെ നിലപാടിന് വിരുദ്ധമായി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം. ചിപ്സണ്‍ കമ്പനി ഹെലികോപ്റ്റര്‍ നല്‍കിയത് സര്‍ക്കാര്‍ പറഞ്ഞിട്ടെന്നാണ് ഡിജിപി സത്യവാങ്മൂലത്തില്‍ പറയുന്നത്. മുന്‍ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് സൗകര്യം പ്രയോജനപ്പെടുത്തിയത്. കെ എം ഷാജഹാന്റെ പരാതി തള്ളണമെന്നും ഡിജിപി ലോകായുക്തയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
വിമാന യാത്രയില്‍ അഴിമതിയില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരാതിക്കാരന്റെ ആരോപണം തെറ്റാണ്. ദുരന്ത നിവാരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കേണ്ടത് കടമയാണ്. യാത്രയില്‍ മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ല. സര്‍ക്കാരിന് നഷ്ടവും ഉണ്ടായിട്ടില്ല. അഴിമതി നിരോധന നിയമ പ്രകാരം കുറ്റം നിലനില്‍ക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.
ചിപ്‌സണുമായുള്ള കരാര്‍ അവസാനിച്ചതാണ്. കരാര്‍ നീട്ടാന്‍ ഉദ്ദേശമില്ലെന്ന് സത്യവാങ്മൂലത്തില്‍ ഡിജിപി വ്യക്തമാക്കുന്നു. അഭ്യര്‍ത്ഥന പ്രകാരം വിമാനം റെഡിയാക്കുകയായിരുന്നു. എന്നാല്‍ ആരുടെ അഭ്യര്‍ത്ഥന എന്നോ ഹെലികോപ്റ്റര്‍ ആരുടേത് എന്നോ തുടങ്ങിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഇല്ല. ഈ സത്യവാങ്മൂലം തള്ളിയാണ് ലോകായുക്ത സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. 2027 ജനുവരി 12നാണ് ഇനി ഹര്‍ജി പരിഗണിക്കുക.



