Kerala

വൈദ്യുതി കരാർ വിവാദം; ഒന്നും മറയ്ക്കാനില്ലെങ്കിൽ ഫയലുകളും കത്തുകളും പുറത്തുവിടണം: പിണറായി വിജയൻ

തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട ഫയലുകളും കത്തുകളും പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ രേഖകൾ പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കെഎസ്ഇബി സമർപ്പിച്ച ഹിമാചൽ പ്രൊപ്പോസൽ തള്ളി ജിഎൻഎയുടെ ഓഫർ സ്വീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാന ചോദ്യം. വൈദ്യുതി വകുപ്പ് മന്ത്രിയുടെയും കെഎസ്ഇബിയുടെയും എതിർപ്പ് മറികടന്ന് കരാർ ഉറപ്പിക്കാൻ ശ്രമിച്ചത് ആർക്കുവേണ്ടിയാണെന്നും പിണറായി വിജയൻ ചോദിച്ചു.

ടെൻഡറോ അനുമതിയോ ഇല്ലാതെ സ്വകാര്യ കമ്പനിയുടെ ഓഫർ സ്വീകരിക്കാൻ നിയമത്തിലില്ലാത്ത എന്ത് അധികാരമാണ് മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു. വിപണിയിൽ അഞ്ച് രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റെഗുലേറ്ററി കമ്മീഷൻ കരാർ തള്ളിയിട്ടും മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം മാത്രമായ ജിഎൻഎയ്ക്ക് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളതെന്നും ചോദ്യം ഉന്നയിച്ചു.

ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ പിൻവാതിലിലൂടെ കരാർ ഉറപ്പിക്കാൻ ജിഎൻഎ ശ്രമിച്ചത് എന്തിനാണെന്നും കമ്പനി നൽകിയ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് പരിശോധന നടത്തിയെന്നും അദ്ദേഹം ചോദിച്ചു. കെഎസ്ഇബി ബോർഡ് തള്ളിയ ജിഎൻഎയുടെ ഓഫർ മുഖ്യമന്ത്രി ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

See also  കോട്ടയത്ത് പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ

Related Articles

Back to top button