എക്സൈസ് തലപ്പത്തെ രണ്ടുപേരും മാസപ്പടിക്കാര്‍; സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വെളിപെടുത്തലുകൾ

കൊച്ചി: എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് വെല്ലുവിളിയാകും. റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിച്ച എക്സൈസ് തലപ്പത്തെ രണ്ടുപേരും മാസപ്പടിക്കാരാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചു. മന്ത്രിയുടെ സ്വന്തം ജില്ലയില്‍ എക്സൈസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ കെ ആര് അജയ്ക്കെതിരെ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍, ബാറുകളില്‍ നിന്നുള്ള മാസപ്പടി പിരിവിന്റെ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. അതേസമയം, മധ്യമേഖലയിലെ അഞ്ചു ജില്ലകളുടെ ചുമതലയുള്ള ജോയിന്റ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ പേര് മുന്‍പേ സ്പിരിറ്റ് മാഫിയയുടെ മാസപ്പടി ഡയറിയില്‍ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ബാറുകളില്‍ കയറി ഇറങ്ങി പിരിവ് നടത്തുകയായിരുന്നു എം ആര് അജയ് എന്ന ഉദ്യോഗസ്ഥന് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് അടക്കം നടന്നിരുന്നു. ഇതേ സമയത്താണ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന അശോക് കുമാറിനെ സീറാം സാമ്പശിവ റാവു വീട്ടില്‍ റെയ്ഡ് നടത്തി പിടികൂടുന്നത്. എം ആര് അജയ് ആലപ്പുഴ ജില്ലയില്‍ പിരിവിനായി കയറി ഇറങ്ങിയ മൂന്ന് ബാറുകളില്‍ നിന്നാണ് വിജിലന്‍സിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്. കൂടാതെ അവിടെ നിന്ന് ഇവര്‍ക്ക് നല്കിയ തുകയുടെ കണക്ക് അടങ്ങിയ മാസപ്പടി ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. പല ആളുകള്‍ പങ്കാളികളായുള്ള ബാറുകളിലാണ് മൊത്തം കണക്കുകള്‍ വ്യക്തമാകാന്‍ ഇത്തരത്തില്‍ ഡയറി എഴുതി സൂക്ഷിക്കുന്നത്. എല്ലാ ബാറുകളില്‍ നിന്നും 30,000 മുതല്‍ 50,000 വരെ ഉള്ള തുകകളാണ് അജയ് കൈക്കൂലിയായി വാങ്ങിയത്.
2021 ല്‍ പാലക്കാട് അണക്കപ്പാറയില്‍ എക്സൈസ് വിജിലന്‍സും എക്സൈസ് സ്റ്റേറ്റ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയ മാസപ്പടി ഡയറിയും പ്രധാന തെളിവായിരുന്നു. അതില്‍ 90ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം 14 പേരെയായിരുന്നു സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ അന്ന് നടപടികളിലില്‍ നിന്ന ഒഴിവായ ആളാണ് ഇന്ന് നാല് ജില്ലകളുടെ ചുമതല ഉള്ള ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വിനോദ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇത്തരം പദവിയിലേക്ക് ഈ പ്രമുഖന് എത്തുന്നത്. 2016 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയും 5000 രൂപ വീതമാണ് ഓരോ മാസവും പാലക്കാട് ജില്ലയുടെ ചുമതല അന്നുണ്ടായിരുന്ന എസ് വിനോദ് കുമാര്‍ കൈപ്പറ്റിയിരിക്കുന്നത്. കള്ള് ഷാപ്പ് ലേലം നടക്കുന്ന മാസങ്ങളില്‍ അത് 10,000 – 20,000 രൂപ വരെ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്തരം വിവരങ്ങള്‍ എല്ലാം കൈയില്‍ ഇരിക്കുമ്പോള്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ നാല് ജില്ലകളുടെ ചുമതല വരെ ഈ ഉദ്യോഗസ്ഥന് ഏല്‍പ്പിച്ചതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ഇപ്പോഴും ജോയിന്റ് എകസൈസ് കമ്മീഷണറായി എസ് വിനോദ് കുമാര്‍ തുടരുന്നു എന്നാണ് സാംബശിവ റാവു ചൂണ്ടിക്കാട്ടിയത്.



