Kerala

ഷുക്കൂർ വധക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റവിമുക്തരാക്കിയതിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം ആസൂത്രിത കൊലപാതകമാണെന്നതിന് യാതൊരു സംശയവുമില്ല. അതിനാൽ സർക്കാർ അപ്പീലിന് പോയേക്കും. വിചാരണയ്ക്കിടെ ഭവിഷ്യത്ത് പേടിച്ച് നിരവധി സാക്ഷികൾ മുന്നോട്ടുവന്നില്ല. തങ്ങൾ വെറുതെയിരിക്കില്ല. വിഷയത്തിൽ നിയമം അനുശാസിക്കുന്ന അങ്ങേയറ്റം വരെ പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും പ്രതികരണവുമായി രംഗത്തുവന്നു. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്നത് സംസ്ഥാനത്ത് ആവർത്തിക്കരുതെന്ന് സലാം പറഞ്ഞു.

സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരേ കേസെടുത്തത് രാഷ്ട്രീയപ്രേരിതമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പൊലീസിന്‍റെയും സിബിഐയുടെയും അന്വേഷണത്തിലെ കണ്ടെത്തലുകളുടെ ഭാഗമായാണ് കേസ്. വിധിയിൽ പ്രശ്നമുള്ളവർക്ക് അപ്പീലിന് പോകാനുള്ള അവസരമുണ്ട്. കേസിൽ എല്ലാവരെയും വെറുതെവിട്ടിട്ടില്ലെന്നും 13 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കേസും കോടതിയുമെല്ലാം പതിവാണെന്നായിരുന്നു വിധി വരുന്നതിന് മുൻപ് ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്‍റെ 50 വർഷത്തിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തിലെ മറ്റേതൊരു സാധാരണ ദിവസം പോലെയാണ് തനിക്ക് ഈ ദിവസമെന്നും ജയരാജൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം; പരുക്കേറ്റ നാല് വയസുകാരി മരിച്ചു

Related Articles

Back to top button