‘ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ, വൻ പ്രതിഷേധം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല, രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപ്പൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.
മുൻ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരൻ മലയാളികളോട് മാപ്പ് പറയണമെന്ന് എൽഡിഎഫും കോൺഗ്രസും ആവശ്യപ്പെട്ടു. ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സികെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ, ചൂരൽമല, ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും, ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ഹർത്താലിൽ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്ന വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർത്ഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.
The post ‘ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ, വൻ പ്രതിഷേധം appeared first on Metro Journal Online.