Kerala

ആസ്‌ത്രേലിയയിലേക്ക് ഏതായാലും ഇല്ല; ഇംഗ്ലണ്ടിനോട് മുട്ടാന്‍ സഞ്ജു ഉണ്ടായേക്കും

ന്യൂഡല്‍ഹി: ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 ക്രിക്കറ്റില്‍ കൂറ്റന്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ അഭിമാന താരമായ സഞ്ജു സാംസണ്‍ ആസ്‌ത്രേലിയയിലേക്കുള്ള ടീമില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. ന്യൂസിലാന്‍ഡിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ടീം തന്നെയാണ് ആസ്‌ത്രേലിയയിലേക്കും പറക്കുക. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നിര്‍ണായക ടെസ്റ്റ് ക്രിക്കറ്റില്‍ 4-0 എന്ന രീതിയില്‍ പരമ്പര തൂത്തുവാരിയാല്‍ മാത്രമെ ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷയുള്ളൂ.

ഗൗതം ഗംഭീര്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നായക പദവിയില്‍ എത്തിയ സൂര്യകുമാറിന്റെ ശക്തമായ പിന്തുണയോട് കൂടിയാണ് സഞ്ജു കുട്ടി ക്രിക്കറ്റില്‍ അതിരുകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമില്‍ ചെറിയ മാറ്റങ്ങളോടെയാകും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്ക് വരുന്നത്. അവര്‍ ഇവിടെ ഏകദിന പരമ്പര കളിക്കുന്നുമുണ്ട്. ഇതോടെയാണ് സഞ്ജു ഈ ഫോര്‍മാറ്റിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യം ആരാധകര്‍ ഒന്നടങ്കം ഉയര്‍ത്തുന്നത്.

സഞ്ജുവിന്റെ ഏകദിനത്തിലേക്കുള്ള മടങ്ങിവരവിന് തടസങ്ങള്‍ ഏറെയുണ്ട് എന്നത് വാസ്തവമാണ്. ഏറ്റവും വലിയ തടസം റിഷഭ് പന്തിന്റെ ഫോമാണ്.

ഏകദിനത്തില്‍ ഒരുപക്ഷേ ടി20യെക്കാളും ഒരുപടി മുകളിലാണ് സഞ്ജുവിന്റെ കണക്കുകള്‍ ഉള്ളത്. അത് തന്നെയാണ് താരത്തെ ഈ ഫോര്‍മാറ്റില്‍ ഫേവറൈറ്റ് ആക്കുന്നതും.സഞ്ജു ഇതുവരെ 16 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് താരം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുള്ളത്. ഈ റെക്കോര്‍ഡ് താരത്തിന് തുണയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

See also  ചേലക്കരയിൽ പിടിച്ച 3920 വോട്ട് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പിവി അൻവർ

Related Articles

Back to top button