ഓരോ ദിവസവും സേവനത്തിൽ മുഴുകി അലിക്ക

അരീക്കോട്: അരീക്കോട് പുത്തലം മാടശ്ശേരി അലി എന്ന 62 വയസ്സുകാരൻ ദാരിദ്ര്യത്തിലും സേവനത്തിൽ മുഴുകി ജീവിക്കുന്ന ഒരു മാതൃകയാണ്. ബിരുദധാരിയായ അലി ഓരോ ദിവസവും അതിരാവിലെ അരീക്കോട്ടെ കടകളിൽ ശുചീകരണം നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.
തന്റെ ജോലി കഴിഞ്ഞാൽ പൊതുസ്ഥലങ്ങളിൽ ശുചീകരണം നടത്തുകയും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുകയും ചെയ്യുന്നതാണ് അലിക്കയുടെ പതിവ്. നാട്ടുകാർ തെരുവിലേക്ക് തള്ളുന്ന മാലിന്യങ്ങൾ കണ്ട് മനസ്സലിഞ്ഞ അലിക്ക അവ നീക്കം ചെയ്യാൻ ഓരോ ദിവസവും പുറപ്പെടും. അരീക്കോട് മാത്രമല്ല, സമീപ പഞ്ചായത്തുകളിൽ വരെയുള്ളവർ അലിക്കയുടെ ഈ സേവന പ്രവർത്തനങ്ങൾക്ക് സാക്ഷിയാണ്.
റോഡിൽ അപകടകരമായി അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കം ചെയ്യുക, റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായ കാടുകൾ വെട്ടിനീക്കുക, വൈദ്യുത ലൈനുകളിലും മറ്റും കയറിയ വള്ളിക്കുടിലുകൾ അറുത്ത് മാറ്റുക തുടങ്ങിയവയും അലിക്ക നിർവ്വഹിക്കുന്ന പ്രവർത്തനങ്ങളാണ്. ദാരിദ്ര്യം കാരണം വീടുപണികൾ ചെയ്യുന്നവരെ കണ്ടാൽ അവർക്കൊപ്പം കല്ലും മണ്ണും ചുമന്ന് സഹായിക്കാനും അലി സമയം കണ്ടെത്താറുണ്ട്.
ഈ പുതുവർഷപ്പുലരിയിൽ അലി നടത്തിയ ഒരു പ്രവർത്തനം ഏറെ ശ്രദ്ധേയമായി. അരീക്കോട് കെ.എസ്.ഇ.ബി. ഓഫീസിന് മുൻപിൽ ഓടയ്ക്ക് മുകളിൽ സ്ലാബിടാതെ വിട്ടുപോയ ഭാഗത്ത് സ്വന്തമായി സ്ലാബ് സ്ഥാപിച്ചാണ് അലിക്ക ശ്രദ്ധേയനായത്. ഇതുവഴിയുള്ള കാൽനടയാത്രക്കാർക്ക് വളരെ അപകടകരമായ സ്ഥിതിയിലായിരുന്നു ഈ വിള്ളൽ. ഇവിടെ സ്വന്തമായി സ്ലാബ് സ്ഥാപിച്ച് അപകടാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയതോടെ അലിക്ക പുതുവർഷത്തിലെ സേവന പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.



