അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണം; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. സേവനത്തിൽ വീഴ്ച വരുത്തിയതായും സർക്കാർ അടിയന്തര പ്രാധാന്യത്തോടെ നിർദ്ദേശിച്ച നടപടികൾ നടപ്പാക്കാതെയും കൃത്യവിലോപം നടത്തിയതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ചെയർമാൻ കെ.എം സലീം മുഖ്യമന്ത്രിക്ക് പരാതി നൽകി.
അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാൻ ന്യൂനപക്ഷ കമ്മീഷൻ ഉൾപ്പെടെ അടിയന്തര നിർദേശം നൽകിയിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. പ്രദേശത്തെ ചില രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അത്യാഹിത വിഭാഗം തുടങ്ങാതെ സർക്കാർ ഉത്തരവ് മനപ്പൂർവ്വം വൈകിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിരന്തരം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 27ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം അടിയന്തരമായി ആരംഭിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കേണ്ട സൂപ്രണ്ടും, ചുമതലയുള്ള മറ്റു ഡോക്ടർമാരും അവധിയെടുത്ത് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ നടപ്പിലാക്കാതെ പ്രവർത്തിക്കുന്ന സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റൽ ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാക്കണമെന്ന് പരാതിയിൽ പറയുന്നു.