ഏഴ് സേവനങ്ങള്‍ക്ക് സഊദി ഫീസ് ഏര്‍പ്പെടുത്തി

- റിയാദ്: അബ്ഷര്‍ ബിസിനസ് പ്ലാറ്റ്‌ഫോം നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി സൗദി വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ്, റീഎന്‍ട്രി വിസ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 റിയാലാണ്. റസിഡന്‍സി പെര്‍മിറ്റ് (ഇഖാമ)ന് 51.75 റിയാലും ഫൈനല്‍ എക്‌സിറ്റ് പുതുക്കുന്നതിന് ഇനി മുതല്‍ 70 റിയാലും ഫീസായി നല്‍കേണ്ടിവരും. അടുത്ത കാലത്തായി അബ്ഷര്‍ പ്ലാറ്റ്ഫോം നിരവധി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു.
ജീവനക്കാരനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള പുതുക്കിയ ഫീസ് 28.75 റിയാലായിരിക്കും. സ്‌പോണ്‍സര്‍ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ ദാതാവ് എന്നുമാത്രമേ ഇനി മുതല്‍ ഉപയോഗിക്കാവൂവെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സിന് അയച്ച കത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ‘തൊഴിലാളി’ എന്നതിന്റെ നിര്‍വചനം തൊഴിലുടമയുടെ കീഴില്‍ വേതനത്തിന് പകരമായി ജോലിചെയ്യുന്ന വ്യക്തി എന്നാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് 69 റിയാലും നല്‍കണം. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയവരുടെ ഒളിച്ചോട്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വിസ നല്‍കിയ വ്യക്തികളെ പ്രാപ്തരാക്കുന്ന പുതിയ സേവനം അബ്ഷര്‍ ഇന്‍ഡിവിഡ്വല്‍ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അബ്ഷര്‍ പ്ലാറ്റ്ഫോം അഞ്ച് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
The post ഏഴ് സേവനങ്ങള്‍ക്ക് സഊദി ഫീസ് ഏര്‍പ്പെടുത്തി appeared first on Metro Journal Online.