Movies

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തൻ കാടി’ന്റെ ടീസർ പുറത്ത്; ആര്യ നായകൻ

തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രമായ ‘അനന്തൻ കാടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങി. ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയെൻ കൃഷ്ണകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘ലൂസിഫർ’, ‘എമ്പുരാൻ’ തുടങ്ങിയ വൻ വിജയ ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ‘ടിയാനി’നു ശേഷം ജിയെൻ കൃഷ്ണകുമാറുമായി മുരളി ഗോപി വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അനന്തൻ കാടി’നുണ്ട്. ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ടൈറ്റിൽ ടീസറിനൊപ്പമാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. താരനിരയിൽ ആര്യയാണ് നായകനായി എത്തുന്നത്. നിക്കിള വിമൽ, ഇന്ദ്രൻസ്, വിജയരാഘവൻ, ശാന്തി ബാലചന്ദ്രൻ, സുനിൽ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാധാരണക്കാരും അധികാരത്തിലുള്ളവരും തമ്മിലുള്ള പോരാട്ടമാണ് ടീസറിൽ പ്രധാനമായും കാണിക്കുന്നത്. രാഷ്ട്രീയ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യും. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ബി. അജനീഷ് ലോക്നാഥ് സംഗീതവും എസ്. യുവ ഛായാഗ്രഹണവും നിർവഹിക്കുന്നു. രോഹിത് വി.എസ്. വരിയത്ത് എഡിറ്റിംഗ് കൈകാര്യം ചെയ്യും.

See also  അപ്രതീക്ഷിതമായിരുന്നു അയാളിൽ നിന്നുള്ള ഉമ്മ; ലജ്ജ തോന്നിയ നിമിഷം തുറന്ന് പറഞ്ഞ് നടി മെറീന

Related Articles

Back to top button