ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോകാം; ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ധിഖിന് സമയം നീട്ടി നൽകി കോടതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ധിഖിന് സിനിമാ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോകാൻ കോടതിയുടെ അനുമതി. ഹൈദരാബാദിൽ നടക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സിദ്ധിഖിന് യാത്രാാനുമതി നൽകിയത്.
നേരത്തെ സിനിമ ആവശ്യങ്ങൾക്കായി കോടതി നൽകിയിരുന്ന യാത്രാ സമയപരിധി ജൂണിൽ അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈദരാബാദിലെ പുതിയ ഷെഡ്യൂളിൽ പങ്കെടുക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ കോടതിയെ സമീപിച്ചത്. ജൂലൈ 15 വരെയാണ് നിലവിൽ കോടതി സമയം നീട്ടി നൽകിയിരിക്കുന്നത്. ഡ്രീം ഫാർമേഴ്സ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് സിദ്ധിഖ് ഹൈദരാബാദിലേക്ക് പോകുന്നത്.
സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായി സിദ്ധിഖ് തന്റെ പാസ്‌പോർട്ട് മുൻപ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ നടന്റെ തൊഴിൽ ചെയ്യാനുള്ള അവകാശം കണക്കിലെടുത്താണ് കോടതി ജാമ്യവ്യവസ്ഥകളിൽ താൽക്കാലിക ഇളവ് അനുവദിച്ചത്. മുൻപ് ‘ദൃശ്യം 3’ സിനിമയുടെ പ്രൊമോഷനായി ഖത്തറിലേക്ക് പോകാനും കോടതി സിദ്ധിഖിന് അനുമതി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യുവനടി നൽകിയ പരാതിയിലാണ് സിദ്ധിഖിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



