National

ഗോവിന്ദ് പൻസാരെ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി

മുംബൈ: കമ്മ്യൂണിസ്‌റ്റ് നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ദീര്‍ഘകാല ജയില്‍വാസം അനുഭവച്ചതിന്‍റെ പേരില്‍ ബോംബൈ ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളായ സച്ചിൻ അന്ദുരെ, ഗണേഷ് മിസ്‌കിൻ, അമിത് ദേഗ്‌വേക്കർ, അമിത് ബഡ്ഡി, ഭരത് കുരാനെ, വാസുദേവ് ​​സൂര്യവംശി എന്നിവര്‍ക്കാണ് ജസ്റ്റിസ് എ എസ് കിലോറിന്‍റെ സിംഗിൾ ബെഞ്ച് ജാമ്യം നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് 2018 നും 2019 നും ഇടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ശേഷം ജയിലില്‍ കഴിയുകയായിരുന്നു. ദീര്‍ഘകാലം ശിക്ഷ അനുഭവിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളുടെ ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

“ദീർഘകാലം തടവ് അനുഭവിച്ചതിന്‍റെ പേരിൽ ആറ് പ്രതികളുടെയും ജാമ്യാപേക്ഷ ഞാൻ അനുവദിക്കുകയാണ്,” എന്ന് ജസ്റ്റിസ് കിലോർ പറഞ്ഞു. മറ്റൊരു പ്രതിയായ വീരേന്ദ്രസിങ് തവാഡെ സമർപ്പിച്ച ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015 ഫെബ്രുവരി 16 ന് മഹാരാഷ്‌ട്രയിലെ കോലാപ്പൂർ നഗരത്തിൽ വച്ചാണ് പൻസാരെയ്‌ക്ക് (82) വെടിയേറ്റത്. ശേഷം ചികിത്സയിലിരിക്കെ ഫെബ്രുവരി 20 ന് അദ്ദേഹം മരിച്ചു. രണ്ട് ബൈക്കുകളിലെത്തിയ അക്രമികളാണ് പൻസാരെയെ വെടിവച്ചത്.

തീവ്ര ഹിന്ദുത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ആളായിരുന്നു പൻസാരെ. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ്, പ്രൊഫസര്‍ എംഎം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളില്‍ സമാന ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഈ കൊലപാതകക്കേസില്‍ അറസ്‌റ്റിലായവരില്‍ ഭൂരിഭാഗവും തീവ്ര ഹിന്ദുത്വ സംഘടനകളില്‍പെട്ടവരായിരുന്നു.

പൻസാരെ വധക്കേസില്‍ തിരിച്ചറിഞ്ഞ 12 പ്രതികളിൽ 10 പേരെ അറസ്റ്റ് ചെയ്യുകയും നാല് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്‌തിരുന്നു. ഈ 10 പ്രതികൾക്കെതിരായ വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ പ്രധാനപ്പെട്ട രണ്ട് പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. കേസ് അന്വേഷണത്തിന്‍റെ നിരീക്ഷണം അവസാനിപ്പിച്ചെന്ന് ബോംബെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിൽ മേൽനോട്ടം ഇനി ആവശ്യമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

കേസ് ആദ്യം സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ്‌ അന്വേഷിച്ചിരുന്നത്‌. എന്നാല്‍ കേസില്‍ പുരോഗതിയില്ലെന്ന് പൻസാരെയുടെ കുടുംബം ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെ കേസ് അന്വേഷണം 2022 ൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് (എടിഎസ്) മാറ്റുകയായിരുന്നു. വിചാരണയിൽ ഇതുവരെ 25 സാക്ഷികൾ മൊഴി നൽകിയെങ്കിലും 200 പേർ കൂടി ഹാജരാകാനുണ്ട്

The post ഗോവിന്ദ് പൻസാരെ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി appeared first on Metro Journal Online.

See also  ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിയമര്‍ന്ന് ലംബോര്‍ഗിനി ഹുറാക്കാന്‍

Related Articles

Back to top button