National

പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്ന് തീവ്രവാദികളുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണെന്ന് അന്വേഷ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ദൃക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്.

അക്രമണ സമയത്ത് അവിടെ ഉണ്ടായിരുന്ന പലരെയും കൊണ്ടുവന്ന്‌ രേഖാചിത്രങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. നേരിട്ട് ആക്രമണം നടത്തിയത്ത് ഇവർ മൂന്ന് പേരാണ്. മറ്റുള്ളവർ അല്പം മാറി നിന്ന് ഇവർക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീരിലുടനീളം വ്യാപക പരിശോധനയാണ് നടക്കുന്നത്.

ഭീകരർക്കായുള്ള ഹൈടെക് തിരച്ചിൽ സൈന്യം തുടരുകയാണ്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഭീകരാക്രമണം ഉണ്ടായ ബൈസരൻ വാലിയിൽ എൻഎഎ സംഘവും പരിശോധന ആരംഭിച്ചു. അതേസമയം, ആക്രമണം നടത്തിയ ദ റെസിസ്റ്റന്റ് ഫ്രണ്ട് വീണ്ടും വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണം ഇന്ത്യ പാഠമാക്കണമെന്നാണ് ഭീകരസംഘടനയുടെ താക്കീത്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെയും വധിച്ചെന്നാണ് അവരുടെ അവകാശവാദം. പ്രകോപനപരമായ ആവശ്യങ്ങളും വാർത്താകുറിപ്പിൽ ഉന്നയിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാള്‍ എകെ-47 കൈവശം വെച്ചിരിക്കുന്നതിന്റെ ദൃശ്യം ഇന്ത്യാ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. ചാരനിറത്തിലുള്ള കുര്‍ത്ത പൈജാമ ധരിച്ച അക്രമി കൈയില്‍ എകെ-47 കൈവശം വെച്ചിരിക്കുന്നത് വ്യക്തമാണ്. എന്നാൽ, പിന്നിൽ നിന്നുള്ള ചിത്രമായത് കൊണ്ട് തന്നെ മുഖം വ്യക്തമല്ല. ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ താഴ്‌വരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. സാധാരണക്കാരായ 28 വിനോദസഞ്ചാരികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

The post പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു appeared first on Metro Journal Online.

See also  ഒന്നര നൂറ്റാണ്ട് മുമ്പുള്ള ക്ഷേത്രം തുറന്നു; ശിവലിംഗം കണ്ടെത്തി; ഗംഗാ ജലം കൊണ്ട് ശുദ്ധീകരിച്ച് വിശ്വാസികള്‍

Related Articles

Back to top button