National

ദോഷി തുടങ്ങിയത് ബന്ധു കടമായി നല്‍കിയ 5,000 രൂപയില്‍; ഇന്ന് വാരി ഗ്രൂപ്പ് എന്നത് 68,414 കോടിയുടെ സാമ്രാജ്യം

മുംബൈ: വെറും 5,000 രൂപയില്‍ ഒരു ബിസിനസ് തുടങ്ങി, 68,414 കോടി രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് വാരി ഗ്രൂപ്പിന്റെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് ചിമന്‍ലാല്‍ ദോഷി. ഏതൊരു വ്യവസായിയെയും പോലെ പ്രതിബന്ധങ്ങളോട് മല്ലടിച്ചായിരുന്നു വിജയത്തിലേക്കുള്ള കുതിപ്പ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 ന് അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യന്‍ ഓഹരി വിപണികളിലും അരങ്ങേറ്റം കുറിച്ചിരുന്നു.

ഇന്ത്യന്‍ ഐപിഒ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നേടിയ ഓഫറിംഗ് ആയിരുന്നു വാരിയുടേത്. ഇന്ത്യന്‍ സൗരോര്‍ജ്ജ വ്യവസായത്തിലെ ഏറ്റവും പ്രധാന കമ്പനികളിലൊന്നാണ് വാരി എനര്‍ജിസ്. ഒക്ടോബര്‍ 29 പ്രകാരം കമ്പനിയുടെ വിപണി മൂല്യം 68,414 കോടി രൂപയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദോഷി കുടുംബത്തിന്റെ ആസ്തി ഏകദേശം 5.2 ബില്യണ്‍ ഡോളറാണ്. അതായത് 437,331,700 രൂപ). ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, 514 മില്യണ്‍ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ശേഷം കമ്പനി ഓഹരികള്‍ ഏകദേശം 56 ശതമാനം കുതിച്ചുവെന്നാണ് പറയുന്നത്.

മഹാരാഷ്ട്രയിലെ തുങ്കിയില്‍ ജനിച്ച ഹിതേഷ് തന്റെ ഗ്രാമത്തിലെ വാരി ക്ഷേത്രത്തിന്റെ പേരിലാണ് സ്വന്തം കമ്പനി ആരംഭിച്ചത്. ഹിതേഷിന്റെ രണ്ട് സഹോദരന്മാരും, മരുമകനും ഇന്നു വാരി ഗ്രൂപ്പ് ബോര്‍ഡിലെ ഡയറക്ടര്‍മാരാണ്. ഒരു ബന്ധുവില്‍ നിന്ന് 5,000 രൂപ കടമെടുത്താണ് ഹിതേഷ് സംരംഭകത്വ യാത്ര ആരംഭിച്ചത്. ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റ് ഗേജുകള്‍ എന്നിവയുടെ വ്യാപാരമായിരുന്നു അന്ന് തുടങ്ങിയത്.

1990 ലാണ് വാരീ എനര്‍ജീസ് എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കമിട്ടത്. സോളാര്‍ പിവി മൊഡ്യൂളുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ഇന്നു വാരി ഗ്രൂപ്പ്. യുഎസിലെയും യൂറോപ്പിലെയും ക്ലയന്റുകളില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍ ഉറപ്പാക്കാന്‍ സാധിച്ചതാണ് വളര്‍ച്ച എളുപ്പമാക്കിയത്. വിപണി പഠിച്ച അദ്ദേഹം പവര്‍ ഉപകരണങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണ് ജീവിതത്തിലെ വഴിത്തിരിവായത്.

1985-ല്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ ഹിതേഷ് തുടര്‍ന്ന് യൂറോപ്യന്‍ കോണ്ടിനെന്റല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് പ്രോജക്ട് മാനേജ്മെന്റില്‍ പ്രൊഫഷണല്‍ എന്റര്‍പ്രണര്‍ഷിപ്പില്‍ ഡോക്ടറേറ്റ് നേടി. ബിരുദശേഷം, വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി സ്ഥാപിക്കാന്‍ ഹിതേഷ് ഒരു ബാങ്കില്‍ നിന്ന് 1,50,000 രൂപ വായ്പ സ്വന്തമാക്കിയിരുന്നു. എന്‍ജിനീയറിംഗ് വ്യവസായത്തില്‍ 22 വര്‍ഷത്തിലേറെ പരിചയമുള്ള വ്യക്തികൂടിയാണ് ഈ വ്യവസായി. നിലവില്‍ കമ്പനിയുടെ സാമ്പത്തിക പ്രകടനം, നിക്ഷേപങ്ങള്‍, മറ്റ് ബിസിനസ്സ് സംരംഭങ്ങള്‍ എന്നിവയുടെ മേല്‍നോട്ടമാണ് ഹിതേഷ് ചിമന്‍ലാല്‍ ദോഷി വഹിക്കുന്നത്.

The post ദോഷി തുടങ്ങിയത് ബന്ധു കടമായി നല്‍കിയ 5,000 രൂപയില്‍; ഇന്ന് വാരി ഗ്രൂപ്പ് എന്നത് 68,414 കോടിയുടെ സാമ്രാജ്യം appeared first on Metro Journal Online.

See also  യുപിയിൽ 17കാരിയെ തലയറുത്ത് കൊന്ന് കനാലിൽ തള്ളി; അമ്മയടക്കം നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

Related Articles

Back to top button