അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് പരാജയഭീതി. വിജയലക്ഷ്യമായ 549 റൺസിലേക്ക് രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 2ന് 27 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യത്തിൽ നിന്ന് 522 റൺസ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.
അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം ഇന്ത്യക്ക് നാളെ സമനില പിടിക്കാം. അവസാനദിനത്തിൽ 522 റൺസ് കൂടി കൂട്ടിച്ചേർക്കുക എന്നത് അസാധ്യമാണെന്നിരിക്കെ സമനിലക്കായുള്ള പൊരുതലാകും നാളെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുക. അതേസമയം എട്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ദക്ഷിണാഫ്രിക്കക്ക് വിജയം സ്വന്തമാക്കാം.
യശസ്വി ജയ്‌സ്വാളിന്റെയും കെഎൽ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 13 റൺസിനും രാഹുൽ 6 റൺസിനും വീണു. കളി നിർത്തുമ്പോൾ രണ്ട് റൺസുമായി സായ് സുദർശനും 4 റൺസുമായി നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവുമാണ് ക്രീസിൽ.


