Sports

ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ്; ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കും

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ. ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലാണ് പാകിസ്താന്റെ പ്രതിഷേധം. ലോകകപ്പ് തന്നെ ബഹിഷ്കരിക്കാൻ പാകിസ്താൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണായക തീരുമാനമെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ മുഹ്സിൻ നഖ്വി വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഈ കടുത്ത നീക്കത്തിന് ഒരുങ്ങുന്നത്. ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ പങ്കെടുത്താലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനാണ് പാക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം. ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നതിനെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യുന്നത്. മത്സരത്തിൽ നിന്നുള്ള വരുമാനം ഇന്ത്യക്ക് ലഭിക്കരുതെന്ന വാദവും പിസിബി യോഗത്തിൽ ഉയർന്നിട്ടുണ്ട്.

ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നിലപാടിൽ പാക് സർക്കാരും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിലേക്ക് ടീമിനെ അയക്കാൻ പാക് സർക്കാർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. സുരക്ഷാ ആശങ്കകൾ ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളുടെ അവകാശങ്ങൾ ഐസിസി അവഗണിക്കുകയാണെന്നും ഇന്ത്യക്ക് മാത്രമാണ് പ്രത്യേക പരിഗണന നൽകുന്നതെന്നും പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ ആരോപിച്ചു.

See also  ലോക ചെസ് ചാമ്പ്യൻ ഗുകേഷ് നാട്ടിൽ തിരിച്ചെത്തി; ചെന്നൈയിൽ വൻ സ്വീകരണം

Related Articles

Back to top button