Sports

ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവുമധികം റൺസ്, ഏറ്റവും കൂടുതൽ സിക്‌സറുകൾ; റെക്കോർഡുകൾ സ്വന്തം പേരിലാക്കി സഞ്ജു

ഒരു സിനിമാ കഥ പോലെ. ടി20 ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനത്തെ അങ്ങനെ വാഴ്ത്താം. ലോകകപ്പിന്റെ തുടക്കത്തിൽ ആദ്യ ഇലവനിൽ പോലുമില്ലാതെ സൈഡ് ബെഞ്ചിൽ ഇരുന്നവനാണ്. കലാശപ്പോരും അവസാനിച്ച് ഇന്ത്യ വിശ്വകിരീടം ഉയർത്തുമ്പോൾ പ്ലെയർ ഓഫ് ദ ടൂർണമെന്റായി അതേ താരം. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു അങ്ങനെ നാഷണൽ ഹീറോ ആയി മാറിയ കഥ. ആബ്‌സല്യൂട്ട് സിനിമ എന്ന് തന്നെ വിശേഷിപ്പിക്കണം. 

വെറുമൊരു പ്രകടനമായിരുന്നില്ല. നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയെ ഒറ്റയ്ക്ക് എടുത്തുയർത്തിയ പ്രകടനങ്ങളായിരുന്നു എല്ലാം. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ എത്തിച്ചത് സെമിയിലേക്കാണ്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89 റൺസ് ഇന്ത്യയെ കലാശപ്പോരിലേക്കും എത്തിച്ചു. അവിടെ കൊണ്ടും തീർന്നില്ല. ഫൈനലിലെ 89 റൺസ് ഇന്ത്യൻ കൈകളിൽ ലോക കിരീടവും എത്തിച്ചു നമ്മുടെ സ്വന്തം സഞ്ജു സാംസൺ

വെറും അഞ്ചേ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച് നേടിയെടുത്തത് ഒരു പിടി റെക്കോർഡുകൾ കൂടിയാണ്. ഒരു ടി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമായി സഞ്ജു മാറി. പിന്നിലാക്കിയത് സാക്ഷാൽ വിരാട് കോഹ്ലിയെ. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ. 2014 ലോകകപ്പിൽ കോഹ്ലി നേടിയ 319 റൺസെന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്. 80.25 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 199.37

ഈ ലോകകപ്പിൽ റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു. ഏഴ് മത്സരങ്ങളിൽ നിന്ന് 383 റൺസ് നേടിയ പാക് താരം സാഹിബ്‌സദ ഫർഹാനാണ് ഒന്നാമത്. സഞ്ജുവിന്റെ റെക്കോർഡ് അവിടെ കൊണ്ടും തീർന്നില്ല. ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരവും ഇനി സഞ്ജുവാണ്. 5 മത്സരങ്ങളിൽ നിന്ന് 24 സിക്‌സുകൾ. ന്യൂസിലാൻഡിന്റെ ഫിൻ അലൻ 20 സിക്‌സുമായി രണ്ടാം സ്ഥാനത്തുണ്ട്.
 

See also  74 മത്സരങ്ങൾ, 65 ദിവസം; 13 നഗരങ്ങൾ, 10 ടീമുകൾ: ഐപിഎല്ലിന് നാളെ തുടക്കം

Related Articles

Back to top button