Sports

ഫോളോ ഓൺ വഴങ്ങിയിട്ടും ലങ്ക പൊരുതി; ഇന്ത‍്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനില

ഇന്ത‍്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഒന്നാം ഇന്നിങ്സിൽ 290 റൺസിന് ഓൾഔട്ടായ ശ്രീലങ്ക ഫോളോ ഓൺ നേരിട്ട് വീണ്ടും ബാറ്റിങ്ങിനിറങ്ങി രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് അടിച്ചെടുത്തിരുന്നു. ഈ സമയം മത്സരം അവസാനിപ്പിക്കാൻ ഇരു ക‍്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു.

200 റൺസിലധികം ലീഡുണ്ടായിരുന്നു ശ്രീലങ്കയ്ക്ക്. സോണൽ ദിനുഷ- കെഷാര നുവന്ത സഖ‍്യത്തിന്‍റെ ചെറുത്തു നിൽപ്പാണ് മത്സരം സമനിലയിൽ കലാശിക്കാൻ കാരണം. മത്സരം ഇന്ത‍്യയ്ക്ക് വിജയിക്കാനായില്ലെങ്കിലും ആദ‍്യ മത്സരം വിജയിച്ചതോടെ 2 മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് സ്വന്തമാക്കി.

അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കു വേണ്ടി സോണൽ ദിനുഷ സെഞ്ചുറി നേടി. ആദ‍്യ ഇന്നിങ്സിലും താരം സെഞ്ചുറി നേടിയിരുന്നു. 264 പന്തുകൾ നേരിട്ട സോണൽ ദിനുഷ 8 ബൗണ്ടറികളും 2 സിക്സും അടക്കം 133 റൺസ് നേടി പുറത്താകാതെ നിന്നു. ഒരു ടെസ്റ്റ് മത്സരത്തിന്‍റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടുന്ന എട്ടാമത്തെ ശ്രീലങ്കൻ താരമാണ് സോണൽ ദിനുഷ. പരമ്പരയിൽ താരത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്.

6 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ് അഞ്ചാം ദിനം ശ്രീലങ്ക ബാറ്റിങ് ആരംഭിച്ചത്. ഏഴാം വിക്കറ്റിൽ കെഷാര-ദിനുഷ സഖ‍്യം 100 റൺസിലേറെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ടീമിനെ ലീഡ് ഉയർത്താൻ സഹായിച്ചത്. ടീം സ്കോർ 330ലെത്തിയപ്പോൾ കെഷാര നുവന്തയും 355ലെത്തിയപ്പോൾ പ്രഭാത് ജയസൂര‍്യയും പുറത്തായി.

ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ‌ ഇന്ത‍്യയ്ക്ക് കഴിഞ്ഞില്ല. 82ാം ഓവറിൽ ന‍്യൂ ബോൾ എടുത്തിട്ടും സമാന സ്ഥിതി തന്നെയായിരുന്നു. ഒടുവിൽ 105ാം ഓവറിലാണ് കൂട്ടുകെട്ട് തകർന്നത്. പക്ഷേ ദിനുഷ- ലഹിരു സഖ‍്യം അൽപ്പ നേരം പിടിച്ചു നിന്നെങ്കിലും ലഹിരു കുമാരയെ ജഡേജയും പുറത്താക്കിയതോടെ ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് നഷ്ടമായി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസ് അടിച്ചെടുത്ത ശേഷം ഡിക്ലെയർ ചെയ്യുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെയും(117) ധ്രുവ് ജുറലിന്‍റെയും സെഞ്ചുറികൾ. ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (50) ഋഷഭ് പന്ത് (63) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.

ഇവർക്കു പുറമെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളും (45) രവീന്ദ്ര ജഡേജയും (43) ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 290 റൺസിനാണ് ഇന്ത‍്യൻ ബൗളർ‌മാർ തളച്ചത്. ഇന്ത‍്യയ്ക്കു വേണ്ടി മാനവ് സുതാർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മൂന്നും സാരാംശ് ജെയിൻ രണ്ടും രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

See also  ന്യൂസിലാൻഡ് വൻ ലീഡിലേക്ക്; രണ്ടാം ടെസ്റ്റിലും തോൽവി ഭീതിയിൽ ഇന്ത്യ

Related Articles

Back to top button