സുകുമാരക്കുറുപ്പ് ജീവനോടെ? രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്

കൊച്ചി: കേരള ചരിത്രത്തില്‍ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നാലര പതിറ്റാണ്ട് കാലമായി കുറുപ്പ് പലയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബര്‍ വിദഗ്ധന്‍ ഇത് ഹാക്ക് ചെയ്തിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്. കണ്ടെത്തിയ വയോധികന്‍ സുകുമാരക്കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരം ഉണ്ട്. ഇതിന്റെ ശബ്ദ സംഭാഷണം അടക്കം ഉണ്ടെന്നും ഇതും ഉടന്‍ പുറത്ത് വരും എന്നുമാണ് വിവരം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ വ്യക്തി ബ്രൂണൈയില്‍ ഒരു ചൈനീസ് സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തുകയാണെന്നാണ് സൂചന.
ഇയാള്‍ മലയാളി ആയിരുന്നിട്ടും ബ്രൂണൈയിലെ മലയാളികളുമായോ ഇന്ത്യക്കാരുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നതും സംശയമുണ്ടാകാന്‍ കാരണമായി. എന്നാല്‍ സുകുമാരക്കുറുപ്പിനെ തന്നെയാണോ കണ്ടെത്തിയിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന അടക്കം ആവശ്യമാണ്. ഇന്റര്‍ പോളിന്റെ അടക്കം സഹായത്തോടെ മാത്രമേ തുടര്‍ന്നുള്ള അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കൂ. സംസ്ഥാന പൊലീസ് മോധാവി ഇന്ന് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
പലകാലങ്ങളില്‍ പലയിടങ്ങളില്‍ സുകുമാരക്കുറുപ്പിനെ കണ്ടു എന്ന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നാലെ നടക്കുന്ന അന്വേഷണത്തില്‍ അത് സുകുമാരക്കുറുപ്പല്ല എന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ താമസിക്കുന്ന സ്ഥലവും ഫോട്ടോയും അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും ഈ വയോധികന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ‘തന്നെ ആരും കണ്ടെത്തില്ല’ എന്ന് പറയുന്നത് അടക്കമുള്ള സന്ദേശങ്ങള്‍ ഉണ്ടെന്നാണ് വിവരം. നേരത്തെ തന്നെ സുകുമാരക്കുറുപ്പിന് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ബ്രൂണൈല്‍ കണ്ടെത്തിയിരിക്കുന്ന 78 വയസ് പ്രായമുള്ള വയോധികന് ഒരു പാസ്‌പോട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. പല ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും ഇയാളുടെ ചിത്രങ്ങള്‍ അന്വോഷണ ഏജന്‍സികള്‍ താരമ്യം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് ഒരു കറുത്ത അമ്പാസിഡര്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. ആദ്യം അത് സുകുമാരക്കുറുപ്പാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോ ആണ് മരണപ്പെട്ടതെന്ന് മനസിലാക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ പുകയുടെ കരി കണ്ടെത്താത്തതിനെ തുടര്‍ന്നായിരുന്നു ചാക്കോ കാറ് കത്തി പൊള്ളലേറ്റല്ല മരിച്ചതെന്നും, കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നെന്നും ഫൊറന്‍സിക് സര്‍ജന്‍ ഡോ ഉമാദത്തന് മനസിലാകുന്നത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച അരും കൊലയുടെ വിവരം പുറത്ത് വരുന്നത്.
സുകുമാരക്കുറുപ്പ് എന്ന പ്രവാസി വിദേശത്ത് തന്റെ പേരില്‍ എടുത്തിരുന്നൊരു ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ കൊലപാതമായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുറുപ്പിനോട് രുപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ വെച്ച് കൊലപ്പെടുത്തിയശേഷം അതില്‍ തന്നെയിട്ട് കത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സുകുമാരക്കുറുപ്പിന് വേണ്ടി രാജ്യം ഒട്ടാകെ കേരള പൊലീസ് വല വിരിച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. നാലര പതിറ്റണ്ടായി ഇയാള്‍ കാണാ മറയത്ത് തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം 40 വയസ് ഉണ്ടായിരുന്ന സമയത്ത് ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടാകില്ലെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടത്തിയത്. എന്നാല്‍ വീണ്ടും ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുനരന്വേഷണത്തിന് ഒരുങ്ങുകയാണെന്നും വിവരമുണ്ട്.



