Sports

പോർച്ചുഗൽ ക്യാംപ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ; പരിശീലകനുമായുള്ള തർക്കം രൂക്ഷം

കോപ്പൻഹേഗൻ: പോർച്ചുഗൽ ദേശീയ ടീമിന്‍റെ പരിശീലന ക്യാംപിൽ നിന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അപ്രതീക്ഷിതമായി പിന്മാറി. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെയാണ് റൊണാൾഡോ ക്യാംപ് വിട്ടത്. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോൻസയുമായി സംസാരിച്ച ശേഷമാണ് ക്യാംപ് വിടാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ദേശീയ ടീം പരിശീലകന്‍റെ വാർത്താസമ്മേളനത്തിന് പിന്നാലെയും പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റുമായി നടത്തിയ സംഭാഷണത്തിനുശേഷവും ദേശീയ ടീമിന്‍റെ ക്യാംപ് വിടാൻ താൻ തീരുമാനിച്ചു. തന്നെ ഇതിന് പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് യഥാസമയം എല്ലാ പോർച്ചുഗീസ് ജനങ്ങളോടും സത്യം പറയുമെന്ന് റൊണാൾഡോ വ്യക്തമാക്കി. എപ്പോഴും ആത്മാർഥമായി സേവിച്ച ദേശീയ ടീമിനും സഹതാരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്രിസ്റ്റ്യാനോ കുറിച്ചു.

തുടക്കം നോർവെക്കെതിരായ മത്സരം

യുഇഎഫ്എ നേഷൻസ് ലീഗിൽ നോർവേക്കെതിരായ മത്സരവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. വെയിൽസിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ റൊണാൾഡോയെ നോർവേക്കെതിരായ മത്സരത്തിൽ ബെഞ്ചിലിരുത്തുകയായിരുന്നു. രണ്ടാം പകുതിയിൽ റൊണാൾഡോ വാം അപ്പ് ചെയ്തിരുന്നെങ്കിലും പരിശീലകൻ അദ്ദേഹത്തെ കളത്തിലിറക്കിയില്ല.

റൊണാൾഡോയെ പകരക്കാരനായി ഇറക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്നെങ്കിലും മത്സരത്തിന്‍റെ സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്ന് ജീസസ് വിശദീകരിച്ചു. മത്സരത്തിൽ ഗോൺസാലോ റാമോസ് വിജയഗോൾ നേടിയതോടെ പോർച്ചുഗൽ 2-1ന് വിജയിക്കുകയും ചെയ്തു. മത്സരശേഷം റൊണാൾഡോ സഹതാരങ്ങൾക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതും ശ്രദ്ധ നേടിയിരുന്നു.

“റൊണാൾഡോ മറ്റേതൊരു താരത്തെയും പോലെയാണ്. പ്രകടനമാണ് പ്രധാനപ്പെട്ടത്. നന്നായി കളിച്ചാൽ അവസരം ലഭിക്കും; അല്ലെങ്കിൽ ലഭിക്കില്ല”- എന്നായിരുന്നു മത്സരത്തിന് ശേഷം പരിശീലകന്‍റെ പ്രതികരണം.

നോർവേക്കെതിരായ മത്സരത്തിന് പിന്നാലെ റൊണാൾഡോ സാധാരണ ടീം പരിശീലനത്തിൽ പങ്കെടുക്കാതെ ജിമ്മിൽ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. അതേസമയം റൊണാൾഡോ പരിശീലനത്തിന് വിസമ്മതിച്ചെന്ന റിപ്പോർട്ടുകൾ പരിശീലകൻ നിഷേധിച്ചു.

എന്നാൽ ഇതിനുപിന്നാലെയാണ് റൊണാൾഡോ ദേശീയ ടീമിന്‍റെ ക്യാംപ് വിടുന്നതായി പ്രഖ്യാപിച്ചത്. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനും റൊണാൾഡോ ക്യാംപ് വിട്ടതായി സ്ഥിരീകരിച്ചു. ശേഷിക്കുന്ന 24 താരങ്ങളുമായി ഡെൻമാർക്കിനും നോർവേക്കുമെതിരായ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടരുമെന്നും ഫെഡറേഷൻ അറിയിച്ചു.

ദേശീയ ടീമിലെ ഭാവി അനിശ്ചിതം

റൊണാൾഡോയുടെ പെട്ടെന്നുള്ള പിന്മാറ്റത്തോടെ പോർച്ചുഗൽ ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്‍റെ ഭാവിയെക്കുറിച്ച് ചർച്ചകൾ ശക്തമായി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ഇതോടെ ശക്തി ലഭിച്ചു.

പോർച്ചുഗലിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമാണ് 41കാരനായ റൊണാൾഡോ. 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. ക്യാംപ് വിടാനുള്ള യഥാർഥ കാരണം പിന്നീട് വെളിപ്പെടുത്തുമെന്ന് റൊണാൾഡോ വ്യക്തമാക്കിയ സാഹചര്യത്തിൽ, വിഷയത്തിൽ വൈകാതെ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

See also  ബിഹാറിനെ ഇന്നിംഗ്‌സിലും 169 റൺസിനും തകർത്തു; രഞ്ജിയിൽ കേരളം ക്വാർട്ടർ ഉറപ്പിച്ചു

Related Articles

Back to top button