World

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായത്. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ‘ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപമുള്ള തീരങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ ഇപ്പോൾ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക.’ – എന്നായിരുന്നു മുന്നറിയിപ്പ്.

കുറച്ച് സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എന്നാൽ യാതൊരു തരത്തിലുള്ള ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ട് പുറത്ത് വന്നില്ല. സാന്താക്രൂസ് പ്രദേശത്ത് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ സുനാമി മുന്നറിയിപ്പോടെ ഫോണുകൾ ശബ്ദിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ഓക്‌ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തുകൂടിയുള്ള തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം നിർത്തിവച്ചു.

The post കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു appeared first on Metro Journal Online.

See also  ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു

Related Articles

Back to top button