പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക്; കടയും പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പൊയ്‌ക്കോയെന്ന് ട്രംപ്, തർക്കം രൂക്ഷം

ഉറ്റ സുഹൃത്തുക്കൾ തമ്മിൽ തെറ്റിയാൽ എന്താകും. അതാണ് അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് എന്നിവയുടെ മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുകയാണ്. ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ടാക്‌സ് ബില്ലിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തെറ്റിയത്
യുഎസ് സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കുന്നത് ലക്ഷ്യമിട്ടാണ് ട്രംപ് ബിൽ കൊണ്ടുവന്നത്. ബിൽ ശുദ്ധ വിഡ്ഡിത്തരവും യുഎസിന് വിനാശകരവുമാകുമെന്നാണ് മസ്‌ക് പ്രതികരിച്ചത്. ബിൽ പാസായാൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക് ബദലായി താൻ അമേരിക്കൻ പാർട്ടി രൂപീകരിക്കുമെന്നും മസ്‌ക് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കുന്ന പുതിയ പാർട്ടിയാണ് തന്റെ ലക്ഷ്യമെന്നും മസ്‌ക് വ്യക്തമാക്കി
എന്നാൽ ഇതിനോട് ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ട്രംപ് രംഗത്തുവന്നു. ഞാൻ ഇലക്ട്രോണിക് വാഹനങ്ങൾക്ക് എതിരാണെന്ന് മസ്‌കിന് അറിയാമായിരുന്നു. ഇവി നല്ലതാണ്. എന്നാൽ അത് വാങ്ങണമെന്ന് ആരെയും നിർബന്ധിക്കാൻ പറ്റില്ല. യുഎസ് ചരിത്രത്തിൽ മറ്റാരേക്കാളും സബ്‌സിഡി കിട്ടിയത് മസ്‌കിനാണ്.
സബ്‌സിഡി ഇല്ലായിരുന്നുവെങ്കിൽ മസ്‌ക് റോക്കറ്റ് ഉണ്ടാക്കുകയോ സാറ്റലൈറ്റ് ലോഞ്ച് നടത്തുകയോ ചെയ്യുമായിരുന്നില്ല. ഇവിയും നിർമിക്കില്ല. കടയും പൂട്ടി മസ്‌കിന് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരുമായിരുന്നു. അമേരിക്കക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു
The post പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക്; കടയും പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പൊയ്‌ക്കോയെന്ന് ട്രംപ്, തർക്കം രൂക്ഷം appeared first on Metro Journal Online.