വെൽക്കം ടു എർത്ത്: എല്ലാം ശുഭമായി പൂർത്തിയാക്കി ശുഭാംശുവും സംഘവും; രണ്ടാമനായി പുറത്തിറങ്ങി

ശുഭാംശു ശുക്ല അടങ്ങുന്ന ആക്‌സിം 4 ദൗത്യസംഘം ഭൂമിയിൽ എത്തി. കാലിഫോർണിയക്ക് സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു. പിന്നാലെ ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്ക് മാറ്റി. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സൺ ആണ് പേടകത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത്. മിഷൻ പൈലറ്റായ ശുഭാംശു രണ്ടാമനായും പുറത്തെത്തി
സ്‌പേസ് എക്‌സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ എത്തിച്ചത്. കരയിൽ എത്തുന്നതിന് പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽ നിന്നും ഇവരെ ഹെലികോപ്റ്റർ മാർഗം ജോൺസൺ സ്‌പേസ് സെന്ററിലെത്തിക്കും. ഇവിടെ ഏഴ് ദിവസം നിരീക്ഷണത്തിൽ തുടരണം
മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഐഎസ്ആർഒ സംഘവും അമേരിക്കയിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം 3.54ന് ആണ് ശുഭാംശു പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. 22.5 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് ഡ്രാഗൺ പേടകം ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തിയത്.