ഗാസയിൽ യു.എൻ. ക്ഷാമം പ്രഖ്യാപിച്ചു; ഇത് മനുഷ്യരാശിയുടെ പരാജയം: ഇസ്രായേൽ നയങ്ങൾക്കെതിരെ രൂക്ഷവിമർശനം

ഗാസ: ഇസ്രായേലിന്റെ ഉപരോധം മൂലം ഗാസ മുനമ്പിൽ പട്ടിണി രൂക്ഷമായതിനെ തുടർന്ന് യു.എൻ. ക്ഷാമം പ്രഖ്യാപിച്ചു. മാസങ്ങളായി ഇസ്രായേൽ സ്വീകരിക്കുന്ന ‘പട്ടിണിക്കിടുന്ന നയം’ ഇതിന് കാരണമായതായി ഐക്യരാഷ്ട്രസഭ ആരോപിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ പ്രഖ്യാപനത്തെ ‘മനുഷ്യരാശിയുടെ തന്നെ പരാജയം’ എന്ന് വിശേഷിപ്പിച്ചു. ‘ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ മാനുഷിക സഹായങ്ങൾ തടസ്സപ്പെടുത്തുന്നതാണ് ഈ ദുരന്തത്തിന് പ്രധാന കാരണമെന്ന് യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള Integrated Food Security Phase Classification (IPC) ആണ് ഔദ്യോഗികമായി ക്ഷാമം സ്ഥിരീകരിച്ചത്. ഗാസ സിറ്റിയിൽ ക്ഷാമം നിലനിൽക്കുന്നുണ്ടെന്നും, അടിയന്തര വെടിനിർത്തലും സഹായവിതരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നില്ലെങ്കിൽ ഇത് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മധ്യപൂർവദേശത്ത് ആദ്യമായാണ് യുഎൻ ക്ഷാമം പ്രഖ്യാപിക്കുന്നത്.
അതേസമയം, യുഎൻ റിപ്പോർട്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. റിപ്പോർട്ട് തെറ്റാണെന്നും ഹമാസിന്റെ പക്ഷപാതപരമായ വിവരങ്ങളെ ആശ്രയിച്ചുള്ളതാണെന്നും ഇസ്രായേൽ പ്രതികരിച്ചു.
The post ഗാസയിൽ യു.എൻ. ക്ഷാമം പ്രഖ്യാപിച്ചു; ഇത് മനുഷ്യരാശിയുടെ പരാജയം: ഇസ്രായേൽ നയങ്ങൾക്കെതിരെ രൂക്ഷവിമർശനം appeared first on Metro Journal Online.



