Kerala

ഒളിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിന് അക്കൗണ്ടുകൾ പൂട്ടി; ശേഷാദ്രിനാഥന്റെ സോഷ്യൽ മീഡിയ അപ്രത്യക്ഷമായതിൽ ദുരൂഹതയെന്ന് പി.എം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ശേഷാദ്രിനാഥന് വ്യക്തമായ സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് രംഗത്തെത്തി. നിയമന വാർത്ത പുറത്തുവന്നതിന് പിന്നാലെ ശേഷാദ്രിനാഥന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ അപ്രത്യക്ഷമായത് ദുരൂഹമാണെന്നും, ഒളിക്കാൻ ഒന്നും ഇല്ലായെങ്കിൽ പിന്നെന്തിനാണ് അക്കൗണ്ടുകൾ പൂട്ടിയതെന്നും നിയാസ് ചോദിച്ചു.

​ശേഷാദ്രിനാഥൻ മുൻപ് പങ്കുവെച്ച ബിജെപി, സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പോസ്റ്റുകൾ അടക്കമുള്ള തെളിവുകൾ പുറത്തുവിടുമെന്ന് പി.എം നിയാസ് വ്യക്തമാക്കി. വിഷയം ഗൗരവമായി പരിശോധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി നൽകി. മുൻപ് താൻ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ശേഷാദ്രിനാഥൻ സജീവ എസ്‌.എഫ്.ഐ പ്രവർത്തകനായിരുന്നുവെന്നും, കഴിഞ്ഞ 15 വർഷമായി അദ്ദേഹം സംഘപരിവാർ സഹയാത്രികനാണെന്നും നിയാസ് ആരോപിച്ചു.

​”തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്ന, അർദ്ധ ജുഡീഷ്യൽ അധികാരങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തേക്ക് ഇത്തരമൊരു പശ്ചാത്തലമുള്ളയാളെ നിയമിക്കുന്നത് പാർട്ടിയുടെ അടിവേരറുക്കുന്ന തീരുമാനമാണ്. ഇതിൽ നിന്നും പിന്നോട്ടില്ല.” – പി.എം നിയാസ്

​അതേസമയം, ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. ഒരു വ്യക്തിയുടെ മതവിശ്വാസമോ മുൻകാല പശ്ചാത്തലമോ വെച്ച് അദ്ദേഹത്തെ അളക്കരുതെന്നും, ശേഷാദ്രിനാഥൻ ജഡ്ജിയായിരുന്ന കാലത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ വിവേചനവും കാണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ഔദ്യോഗിക പദവികൾ ഏറ്റെടുക്കുന്നതിന് തൊട്ടുമുൻപ് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കിയത് എന്തിനാണെന്ന ചോദ്യം ഉയർത്തി കോൺഗ്രസിലെ ഒരു വിഭാഗം പരസ്യ നിലപാടുമായി മുന്നോട്ട് പോവുകയാണ്.

See also  നയരാഹിത്യ പ്രഖ്യാപനം; പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല, കേന്ദ്രത്തിനെതിരെ മൗനം: കാത്തിരുന്ന് കാണാമെന്ന് പിണറായി വിജയൻ

Related Articles

Back to top button