ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ താഴെ വീഴുന്നു; ദിവസവും ആകാശത്ത് 'തീഗോള' കാഴ്ചകൾ

നക്ഷത്രങ്ങളും വാല്‍ നക്ഷത്രങ്ങളും കൊള്ളിമീനുകളുമെല്ലാം രാത്രി ആകാശത്തെ വിസ്മയമാക്കാറുണ്ട്. എന്നാല്‍ ഇനി ആകാശത്ത് നോക്കുമ്പോള്‍ തീഗോള വര്‍ഷവും കാണാം. ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ബഹിരാകാശ ഉപഗ്രഹങ്ങള്‍ നിരന്തരമെന്നോണം ഭൂമിയിലേക്ക് പതിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പതിക്കുന്ന ഉപഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ കത്തിച്ചാമ്പലാകുമ്പോഴാണ് ഭൂമിയില്‍ നിന്ന് തീഗോളം പോലെ കാണപ്പെടുന്നത്. പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങളാണ് ഇങ്ങനെ ഭൂമിയിലേക്ക് വീഴുന്നത്.
കാണാന്‍ ഭംഗിയുള്ളതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഗുരുതര ആശങ്കകളാണ് ഗവേഷകര്‍ ഉന്നയിക്കുന്നത്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്കിനുള്ളത്. നിരന്തരമായി ഇവ ഭൗമാന്തരീക്ഷത്തില്‍ കത്തിനശിക്കുന്നത് അന്തരീക്ഷത്തിന്റെ ആരോഗ്യത്തിന് ദീര്‍ഘകാല ആഘാതങ്ങളുണ്ടാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ബഹിരാകാശത്തെ സുരക്ഷയ്ക്കും ഭീഷണിയാണ്.
പെരുകിക്കൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങള്‍
നിലവില്‍ 6000 ല്‍ ഏറെ ഉപഗ്രങ്ങളാണ് ഭൂമിയെ ചുറ്റുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സ്റ്റാര്‍ലിങ്ക് വിന്യസിച്ചിരിക്കുന്നത്. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ഉപഗ്രഹ ശൃംഖലയാണിത്. ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് കവറേജ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. നിരന്തരമായ വിക്ഷേപണങ്ങള്‍ക്കൊപ്പം പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ നിന്ന് മാറ്റുന്ന ജോലിയും നടക്കുന്നുണ്ട്. ഓരോ ദിവസവും കുറഞ്ഞത് നാല് ഉപഗ്രഹമെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്നുണ്ടെന്ന് ഹാര്‍വാര്‍ഡ്-സ്മിത്ത്‌സണിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡോവല്‍ പറയുന്നു.
സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റും വിധമാണ് ഈ ഉപഗ്രഹങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ ഉപയോഗത്തിന് ശേഷമാണ് ഇവ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കി ഭൗമാന്തരീക്ഷത്തിലിറക്കി നശിപ്പിക്കുക. അന്തരീക്ഷത്തില്‍ പൂര്‍ണമായും കത്തിനശിക്കുന്നതിനാല്‍ ഇവ ഭൂമിയിലെ മനുഷ്യര്‍ക്ക് നേരിട്ട് ഭീഷണിയാകുന്നില്ല.
അന്തരീക്ഷത്തിലേക്ക് ഈ ഉപഗ്രഹങ്ങള്‍ പ്രവേശിക്കുമ്പോള്‍ വലിയ അളവില്‍ അവ ചൂടാവുകയും. പതിയെ ചെറുഭാഗങ്ങളായി ചിതറിപ്പോവുകയും കനത്ത ചൂടില്‍ കത്തിനശിക്കുകയും ചെയ്യുന്നു. ഇത് തീഗോളമായും ആകാശത്ത് നീണ്ട വരയായും കാണുപ്പെടും. ഇതിന്റെ ചില ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഭൂമിയില്‍ എല്ലായിടത്ത് നിന്നും ഇവ ദൃശ്യമാകണം എന്നില്ല. പക്ഷെ എവിടെ വേണമെങ്കിലും കാണാനിടയുണ്ട്. ഛിന്നഗ്രഹഭാഗങ്ങള്‍ അന്തരീക്ഷത്തില്‍ പതിക്കുമ്പോഴും സമാനമായ രീതിയില്‍ കത്തിത്തീരുകയാണ് ചെയ്യുന്നത്.
പാരിസ്ഥിതിക ഭീഷണിയെന്ത് ?
ഉപഗ്രഹങ്ങള്‍ കത്തിത്തീരുമ്പോള്‍, അവ അലുമിനിയം ഓക്‌സൈഡ് പോലുള്ള ലോഹങ്ങളുടെ സൂക്ഷ്മ കണികകള്‍ പുറത്തുവിടുന്നു, ഇത് ഓസോണ്‍ രസതന്ത്രത്തെ ബാധിക്കുകയും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. പതിനായിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍, അത് മസോസ്ഫിയറിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്ന് ചില ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘകാല പാരിസ്ഥിതിക അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളും മെച്ചപ്പെട്ട ഉപഗ്രഹ രൂപകല്‍പ്പനയും വേണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.