പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിക്കാൻ അഫ്ഗാനും; കുനാർ നദിയിൽ ഡാം നിർമിക്കാൻ നീക്കം

പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനും. കുനാർ നദിയിൽ ഡാമുകൾ നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്താനാണ് താലിബാന്റെ നീക്കം. അഫ്ഗാൻ ഇർഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര വേഗത്തിൽ ഡാം നിർമിക്കാൻ താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ നിർദേശം നൽകി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദീ ജല കരാർ മരവിപ്പിച്ചിരുന്നു. ഇതേ പാതയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനും സ്വീകരിക്കുന്നത്. സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും വിദേശ നിർമാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിന് അകത്തുള്ളവരായിരിക്കും ഡാം നിർമിക്കുകയെന്നും മന്ത്രി അബ്ദുൽ ലത്തീഫ് മൻസൂർ പറഞ്ഞു
അഫ്ഗാൻ-പാക് അതിർത്തി സംഘർഷം അടുത്തിടെ രൂക്ഷമായിരുന്നു. ഇരു രാജ്യങ്ങളും അതിർത്തിയിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഇരുവിഭാഗത്തും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.



