സുഡാനിൽ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി; ഷാരുഖ് ഖാനെ അറിയുമോയെന്ന് ചോദ്യം

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടു പോയി. ഒഡീഷ സ്വദേശി ആദർശ് ബെഹ്‌റയെയാണ്(36) സുഡാനിലെ റാപിഡ് സപ്പോർട്ട് ഫോഴ്‌സ്(ആർഎസ്എഫ്) തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആദർശിന്റെ മോചനത്തിനായി സുഡാൻ അധികൃതരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ഏകോപനം നടത്തുന്നതായി ഇന്ത്യയിലെ സുഡാൻ അംബസഡർ അറിയിച്ചു
ആദർശ് ബെഹ്‌റ ആർഎസ്എഫ് സൈനികർക്കൊപ്പം ഇരിക്കുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സൈനികരിലൊരാൾ ആദർശിനോട് നിങ്ങൾക്ക് ഷാരുഖ് ഖാനെ അറിയുമോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർഥിക്കുന്നതും വീഡിയോയിൽ കാണാം
ഖാർത്തൂമിൽ നിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള അൽ ഫാഷിർ നഗരത്തിൽ നിന്നുമാണ് ആദർശിനെ തട്ടിക്കൊണ്ടുപോയത്. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് ഖാർത്തൂമിൽ നിന്ന് 13 ദശലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.



