Kerala

വെറുംകൈയോടെ മലയിറങ്ങി അയ്യപ്പഭക്തർ; ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം

പത്തനംതിട്ട: ശബരിമലയില്‍ അരവണ പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് വിവരം. 20,000 ടിന്‍ അരവണ ആണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ഇന്ന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം 15,000 ആണ് ഉള്ളത്. സ്‌പോട്ട് ബുക്കിങ് കൂടി ആകുമ്പോള്‍ 17,000ത്തോളം ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്നാണ് കണക്ക്കൂട്ടല്‍. ഒരാൾക്ക് രണ്ട് ടിന്‍ അരവണ വീതം നല്‍കുമെന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറയുന്നത്. എന്നാല്‍ നിലവിലുള്ള സ്‌റ്റോക്കില്‍ അതും സാധ്യമാകില്ലെന്നാണ് വിവരം.

മാസപൂജക്ക് ഉണ്ടാകുന്ന തിരക്ക് മുന്‍കൂട്ടിക്കണ്ട് കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായതെന്നാണ് ഉയരുന്ന വിമര്‍ശനം. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് പത്ത് മണിക്ക് നട അടക്കും. രണ്ട് മണിക്കൂറിലധികം ക്യൂ നിന്നാണ് അരവണ വാങ്ങേണ്ടി വരുന്നതെന്നാണ് ഭക്തര്‍ പറയുന്നത്. എന്നാല്‍ ഒരു ടിന്‍ അരവണ മാത്രമാണ് ലഭിക്കുന്നത്. അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണ് അരവണ പ്രതിസന്ധിക്ക് കാരണമെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. ഇന്നലെ രാത്രി വരെ ഒരു ടിന്‍ അരവണയാണ് ഒരാള്‍ക്ക് നല്‍കിയിരുന്നത് എന്നാല്‍ ഇന്ന് അത് രണ്ടാക്കുകയായിരുന്നു.

അതേസമയം അരവണയോടൊപ്പം അപ്പത്തിനും ക്ഷാമം ഉണ്ടെന്നാണ് ഭക്തര്‍ പറയുന്നത്. ഇന്ന് രാവിലെ അപ്പം എങ്കിലും ലഭിക്കുമോ എന്ന് നോക്കി എത്തിയ ഭക്തര്‍ക്ക് നിരാശയായിരുന്നു ഫലം. പലരും അരവണയും അപ്പവും വാങ്ങാന്‍ നില്‍ക്കാതെ മലയിറങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വലിയ നിരാശയാണ് ഭക്തര്‍ രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ അയ്യപ്പ ഭക്തര്‍ എത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. രണ്ടേകാല്‍ ലക്ഷം ടിന്‍ പ്രതിദിന അരവണ ഉദ്പാതനം മൂന്നര ലക്ഷത്തിലേക്കെത്തിക്കാനായാണ് നിലവില്‍ അരവണ പ്ലാന്റില്‍ നവീകരണം നടത്തുന്നത്.

See also  അബിൻ വർക്കിയുടെ വേദന സ്വാഭാവികം; തന്നോടും സമാന പെരുമാറ്റമുണ്ടായി, ഒരു ദിവസം തുറന്ന് പറയും: ചാണ്ടി ഉമ്മൻ

Related Articles

Back to top button