World

133 ദിവസത്തെ ലോകയാത്രയ്ക്ക് തിരിച്ച ആഡംബര കപ്പലിൽ പകർച്ചവ്യാധി; നൂറിലധികം പേർക്ക് നോറോവൈറസ്

മിയാമി: 133 ദിവസത്തെ ലോകയാത്രയ്ക്ക് ഇറങ്ങിയ ആഡംബര കപ്പൽ പകർച്ചവ്യാധി ഭീഷണിയിൽ. 26 രാജ്യങ്ങൾ സന്ദർശിക്കുന്ന ഐഡ ദീവ എന്ന കപ്പലിലാണ് നോറോവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തത്. കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും ഇതിനോടകം രോഗം ബാധിച്ചു കഴിഞ്ഞു.

നവംബർ 10 ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്. യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങളാണ് 133 ദിവസത്തെ യാത്ര പാക്കേജിൽ സന്ദർശിക്കുന്നത്. യാത്ര ആരംഭിച്ച് 20 ദിവസം പിന്നിട്ടപ്പോഴാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്.

നവംബർ 30 ന് മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ആദ്യ കേസ്. വയറിളക്കവും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് ക്വാറന്റൈൻ, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, പരിശോധകൾ എന്നിവയെല്ലാം നടപ്പാക്കിവരികയാണ്. നിലവിലെ സാഹചര്യം മറികടന്ന് കപ്പൽ മാർച്ച് 23 ന് ഹാംബർഗിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ പ്രതിരോധ പ്രവർത്തങ്ങൾ നടത്തിവരികയാണെന്ന് ഐഡ ദീവ ക്രൂയിസിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

See also  ഇസ്രായേലിലേക്ക് യെമൻ മിസൈൽ; ഹൂതി വിമതരുടെ ആക്രമണം ഇസ്രായേൽ തടഞ്ഞു

Related Articles

Back to top button