ആനയും വ്യാളിയും ഒന്നിച്ച് നൃത്തം ചെയ്യട്ടെ; ഇന്ത്യക്ക് റിപബ്ലിക് ദിന ആശംസ നേർന്ന് ചൈനീസ് പ്രസിഡന്റ്

77ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. നല്ല അയൽക്കാരൻ, സുഹൃത്ത്, പങ്കാളി എന്നാണ് ജിൻപിങ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരത്തെയുണ്ടായിരുന്ന അകൽച്ച കുറഞ്ഞുവരുന്നതായാണ് ജിൻപിങിന്റെ ആശംസ തെളിയിക്കുന്നത്
രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച റിപബ്ലിക് ദിന സന്ദേശത്തിൽ വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യട്ടെ എന്ന് ജിൻപിങ് പറഞ്ഞു. ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പ്രതീകമാണ് ആനയും വ്യാളിയും. പ്രതിസന്ധികൾ നേരിടാൻ ആനയും വ്യാളിയും ഒന്നിച്ച് നൃത്തം വെക്കുകയാണ് വഴിയെന്ന് നേരത്തെയും ജിൻപിങ് പറഞ്ഞിരുന്നു
ഇന്ത്യ-ചൈന സംഘർഷം 2020ലെ ഗാൽവൻ വാലിയിലെ ഏറ്റുമുട്ടലോടെ രൂക്ഷതയിലെത്തിയിരുന്നു. പിന്നീട് ഏറെക്കാലം നീണ്ടുനിന്ന നയതന്ത്ര ചർച്ചകളിലൂടെയാണ് ബന്ധം മെച്ചപ്പെട്ടത്. 2024 റഷ്യയിൽ വെച്ച് മോദിയും ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി മോദി കഴിഞ്ഞ ആഗസ്റ്റിൽ ചൈനയിൽ സന്ദർശനം നടത്തിയിരുന്നു.



