ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

ബ്രിട്ടീഷ് രാജകുടുംബാംഗവും ചാൾസ് രാജാവിന്റെ സഹോദരനുമായ ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ. ജെഫ്രി എപ്സ്റ്റീൻ കേസിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ആൻഡ്രൂ താമസിക്കുന്ന സാൻഡ്രിംഗ്ഹാം എസ്‌റ്റേറ്റിൽ നിന്നാണ് അറസ്റ്റ്
തേംസ് വാലി പോലീസാണ് ആൻഡ്രുവിനെ അറസ്റ്റ് ചെയ്തത്. 66ാം ജന്മദിനമായ ഇന്ന് പുലർച്ചെയാണ് ആൻഡ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് അറസ്‌റ്റെന്ന് പോലീസ് അറിയിച്ചു. 2010ൽ ആൻഡ്രൂ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ അയച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു
ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എപ്സ്റ്റീൻ വിവാദത്തിൽ പെട്ടതിന് പിന്നാലെ ആൻഡ്രുവിന്റെ രാജകീയ പദവികൾ ചാൾസ് രാജാവ് എടുത്തുകളഞ്ഞിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് പ്രിൻസ് ആൻഡ്രൂ എന്ന വിളിപ്പേര് നഷ്ടമായത്.



