World
പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി വന്ന വിമാനം ലാൻഡിംഗിനിടെ തകർന്നു; 15 മരണം

ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി 130 എന്ന വിമാനമാണ് തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു
സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരികയായിരുന്നു വിമാനം. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോഡിൽ കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നതിന്റെയും ഇത് ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചു



