ഇറാനെതിരെ മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ച് അമേരിക്ക; ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്ന് ട്രംപ്

ഇറാനെതിരായ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ അടക്കം അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തതായി ട്രംപ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു
ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി ട്രംപ് പറഞ്ഞു. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു യുഎസ് നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും യുഎസ് അറിയിച്ചു
ആക്രമണത്തിൽ ഇറാനിലെ 48 നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി അടക്കം 48 പേരെ വധിച്ചെന്നാണ് അവകാശവാദം. അതേസമയം ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു



