യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് ഉത്തര കൊറിയ; ഇറാന് പിന്തുണ അറിയിച്ചു

ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് പിന്തുണ അറിയിച്ച് ഉത്തര കൊറിയ. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം നിയമവിരുദ്ധമാണെന്നും അപലപിക്കുന്നതായും ഉത്തര കൊറിയ പ്രതികരിച്ചു. മൊജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഇറാനിയൻ ജനതയുടെ തീരുമാനത്തെയും അവകാശത്തെയും മാനിക്കുന്നു. ഇറാനെതിരെ നിയമവിരുദ്ധ സൈനിക ആക്രമണം നടത്തുന്നതിലൂടെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുകയും അന്താരാഷ്ട്ര തലത്തിൽ അസ്ഥിരത വർധിപ്പിക്കുകയുമാണ് അമേരിക്കയും ഇസ്രായേലും ചെയ്യുന്നത്. ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും ഉത്തര കൊറിയ പറഞ്ഞു
ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയെയും തകർക്കുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കണം. ഇത് അംഗീകരിക്കാനാകില്ല. ലോകമൊന്നാകെ ഇതിനെ തള്ളിക്കളയണമെന്നും ഉത്തര കൊറിയ പ്രതികരിച്ചു



