World

ആ ക്രിമിനൽ ഇതുവരെ ചത്തിട്ടില്ലെങ്കിൽ ഞങ്ങൾ കൊല്ലും; നെതന്യാഹു ബാലഘാതകനെന്ന് ഇറാൻ

ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന് ആറ് വിരലുള്ളതായി തോന്നിക്കുന്ന വിഡിയൊയിൽ നിന്നുള്ള ദൃശ്യം

ടെഹ്റാൻ: ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ഇറാൻ അധിനിവേശ ശ്രമം 16ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ‘പിന്തുടർന്ന് വധിക്കുമെന്ന്’ ഇറാന്‍റെ പ്രഖ്യാപനം.

“ശിശുഹത്യ നടത്തുന്ന ആ ക്രിമിനൽ ഇപ്പോഴും ജീവനോടെയുണ്ടെങ്കിൽ, ഞങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അയാളെ പിന്തുടർന്ന് കൊല്ലും,” ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു. നെതന്യാഹു കൊല്ലപ്പെട്ടെന്നും, അതിനാലാണ് കുറച്ചു ദിവസങ്ങളായി പൊതുവേദികളിൽ കാണാത്തതെന്നും അഭ്യൂഹം പടരുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

മാർച്ച് 12ന് ഇസ്രയേൽ പുറത്തുവിട്ട വിഡിയൊയിൽ നെതന്യാഹുവിന്‍റെ ഒരു കൈയിൽ ആറ് വിരലുകൾ ഉള്ളതായി തോന്നിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വിഡിയൊ ആയതിനാലാണ് ഇങ്ങനെ കാണുന്നതെന്നും ചിലരൊക്കെ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 28-ന് ഇറാനു നേരെ അമേരിക്കയും ഇസ്രയേലും വ്യോമാക്രമണം ആരംഭിച്ച ശേഷം നെതന്യാഹു നടത്തിയ ആദ്യ വാർത്താ സമ്മേളനമായിരുന്നു വിഡിയൊയിൽ.

ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയെ വധിക്കുമെന്ന് ഈ വിഡിയൊയിൽ നെതന്യാഹു ഭീഷണി മുഴക്കുന്നുണ്ട്. ഇസ്രായേൽ സൈന്യത്തിന്‍റെ നീക്കങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. “ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള ഉചിതമായ സാഹചര്യങ്ങൾ ഞങ്ങൾ ഒരുക്കുകയാണ്. അവിടത്തെ ജനങ്ങൾ തന്നെ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല – ഒരു ഭരണകൂടം തകരുന്നത് ഉള്ളിൽ നിന്നാണ്,” നെതന്യാഹു ഹീബ്രുവിൽ പറയുന്നതായി വിഡിയൊയിൽ കാണുന്നു.

അമേരിക്കൻ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹുവിന്‍റെ വിളിപ്പേര് പരാമർശിച്ച് “എവിടെയാണ് ബിബി?” എന്ന് ചോദിക്കുന്നു. “എന്തിനാണ് അദ്ദേഹത്തിന്‍റെ ഓഫിസ് വ്യാജ AI വീഡിയോകൾ പുറത്തുവിടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നത്? വൈറ്റ് ഹൗസിൽ എന്തിനാണ് ഇത്ര വലിയ പരിഭ്രാന്തി?” – അവർ ശനിയാഴ്ച എക്സിൽ (X) കുറിച്ചു.

മരണവാർത്ത നിഷേധിച്ച് നെതന്യാഹുവിന്‍റെ ഓഫിസ്

ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അദ്ദേഹത്തിന്‍റെ ഓഫിസ് നിഷേധിക്കുകയും അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു. “ഇതൊക്കെ വ്യാജ വാർത്തകളാണ്; പ്രധാനമന്ത്രി സുഖമായിരിക്കുന്നു,” നെതന്യാഹു വധിക്കപ്പെട്ടെന്ന സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങളെക്കുറിച്ച് തുർക്കിയിലെ അനഡോലു ഏജൻസി ചോദിച്ചപ്പോൾ ഓഫിസ് പ്രതികരിച്ചു. എന്നിരുന്നാലും, നെതന്യാഹുവിന്‍റെ ഓഫിസോ സഹായികളോ ഇതുവരെ ഔദ്യോഗികമായ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.

See also  ന്യൂയോർക്കിൽ ആദ്യ ഇലക്ട്രിക് പാസഞ്ചർ വിമാനം എത്തി; 130 കി.മീ-ക്ക് 700 രൂപ മാത്രം

അദ്ദേഹത്തിന്‍റെ മകൻ യെയർ നെതന്യാഹുവിനെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നില്ലെന്നും ചില ഉപയോക്താക്കൾ പറയുന്നു. എക്സിൽ 2.84 ലക്ഷത്തോളം ഫോളോവേഴ്സുള്ള, സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന യെയർ മാർച്ച് 9-ന് ശേഷം ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

ഇസ്രായേൽയുഎസ് സഖ്യത്തിന്‍റെ ഇറാൻ അധിനിവേശം

കഴിഞ്ഞ മാസം ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തുകയും 86-കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും ചെയ്തതോടെയാണ് മിഡിൽ ഈസ്റ്റ് സംഘർഷഭരിതമായത്. ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയും ആക്രമിച്ചുവരുന്നു. ഇസ്രയേലും അമേരിക്കയും ഇറാനിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം യുദ്ധത്തിൽ ഇതുവരെ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും ഇറാനിലാണ്.


Related Articles

Back to top button