Kerala

പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനെ തുടർന്ന്; വിശദീകരിച്ച് മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടർന്നല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയർമാന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ചെയർമാനെ കണ്ടെത്തിയത്. സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്താറില്ലെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല നിർവഹിച്ചിരുന്ന പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണെന്ന മുഖവുരയോടെയാണ് വിശദീകരണം.

സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് ഗവൺമെന്റിന്റെയോ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണം എന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല.

ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ തന്നെ, സച്ചിദാനന്ദൻ മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു
 

See also  ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധം; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് കെജിഎംഒഎ

Related Articles

Back to top button