ഹർജികൾ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് വിട്ടു

ശബരിമലയിലെ യുവതി പ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബഞ്ചിനാണ് ഹർജികൾ കൈമാറുന്നത്. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു
വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. പഴയ ഒമ്പതംഗ ബഞ്ചിൽ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിർഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത്. ഒമ്പതംഗ ബഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീർപ്പായതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു
അതേസമയം പുനഃപരിശോധനയെ അനുകൂലിക്കുന്നുവെന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യെ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.



