ശബരിമലയിൽ യുവതി പ്രവേശനം വേണ്ട, ആചാരങ്ങൾ സംരക്ഷിക്കണം; സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ

ശബരിമല യുവതി പ്രവേശനത്തിൽ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാൻ സർക്കാർ. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിർണായക തീരുമാനം. ഇതിനുമുമ്പ് എൽഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന വേളയിൽ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കുകയാണ്. വിവിധ സാമുദായിക സംഘടനകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ മുൻ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വലിയ ചർച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തിൽ യുവതി പ്രവേശനത്തിലെ സർക്കാർ നിലപാടും അതീവ നിർണായകമാണ്.
മാർച്ച് 14നകം നിലപാടറിയിക്കാനാണ് സുപ്രിംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചർച്ച ചെയ്തിരുന്നു. ആചാര സംരക്ഷണത്തിന് മുൻഗണന നൽകുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങളിൽ ഉൾപ്പെടെ സൂചനയുണ്ടായിരുന്നു.



