പാമ്പുകൾക്കു സർക്കാരുണ്ട്; മനുഷ്യപുത്രർക്ക് ശവപ്പെട്ടിയും: രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. വന്യജീവികളും തെരുവുനായകളും വിഷസർപ്പങ്ങളുമല്ല, അധികാരത്തിന്റെ മകുടിയൂതുന്ന ഈ രാഷ്ട്രീയ പാന്പാട്ടികളാണ് നമ്മുടെ സഹജീവികളെ കൊല്ലുന്നത്. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ? എന്നാണ് വിമർശനം.
പാമ്പുകൾക്കു സർക്കാരുണ്ട്, മനുഷ്യപുത്രർക്കു ശവപ്പെട്ടിയും ഭരണപക്ഷവും പ്രതിപക്ഷവും കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊന്നാൽ സംരക്ഷണം കിട്ടുന്ന നാട്ടിൽ, ജീവനുവേണ്ടി മൃഗത്തെ തൊട്ടാൽ ജയിലിൽ അടയ്ക്കുന്ന സ്ഥിതി.പാമ്പുകളുടെ മുട്ടപോലും ഒരു പോറലുമേൽക്കാതെ വിരിയിച്ചു വളർത്തുന്ന ഈ ജനദ്രോഹവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തത് മുകളിൽ പറഞ്ഞ മരിച്ചവരുടെ നികുതികൂടി ചേർത്താണ്. അടുത്ത മാസത്തെ ശമ്പളം കൊടുക്കേണ്ടത് അവരുടെ ഉറ്റവരുടെയും നികുതിയിൽനിന്നെടുത്ത്. എത്ര നിരുത്തരവാദപരവും ആപത്കരവുമായ രാഷ്ട്രീയ ഭരണമാണിത്.
സമീപകാലത്തെ വന്യജീവി ആക്രമണവും പാമ്പുകടിയും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ദീപികയുടെ വിമർശനം. ഈ നരബലി സർക്കാർ കാവലിൽ തുടരുകയാണ്. എന്നിട്ട്, സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ ഉപദേശവും!. കുഞ്ഞുങ്ങളുടേതുൾപ്പെടെ കരിനീലിച്ച മൃതദേഹങ്ങൾക്കുമുന്നിൽ നാട് അലമുറയിടുമ്പോൾ , പിടികൂടിയ ആയിരക്കണക്കിനു വിഷജീവികളെ നെഞ്ചോടു ചേർത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ താലോലിക്കുകയാണെന്നും ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു.



